നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമയുണ്ടോ? ഇച്ചാക്കയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുനിൽക്കുന്ന ലാൽ, ആരാധകരെ ത്രില്ലടിപ്പിച്ച് താരരാജാക്കന്മാർ

Sunday 07 August 2022 1:05 PM IST

മലയാളത്തിലെ താരരാജക്കന്മാരായ മമ്മൂട്ടിയേയും മോഹൻലാലിനെയും എപ്പോൾ കണ്ടാലും ആരാധകർ ആവേശത്തിലാകും. ഇരുവരും ഒരിച്ചെത്തിയാൽ പിന്നെ വേദി ഉത്സവമേളമാകും എന്നതിൽ സംശയമില്ല. ഇപ്പോഴിതാ മഴവിൽ മനോരമയുടെ അവാർ‌ഡ് നിശക്കിടെ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.

അവാർഡ് നിശയുടെ പ്രമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമയുണ്ടോ' എന്ന് മോഹൻലാലിനോട് മമ്മൂട്ടി ചോദിക്കുന്നത് പ്രമോയിൽ കാണാം. മോഹൻലാൽ ക്ഷമയോടെ കേൾക്കുന്നതും വീഡിയോയിലുണ്ട്. ലെന, ടൊവിനോ, ജയസൂര്യ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവരും അവാർഡിനെത്തുന്നുണ്ട്.

ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ കവിളിൽ ഉമ്മ വയ്ക്കുന്നതും പ്രമോയിൽ കാണാം. അസുഖബാധിതനായി കുറച്ച് നാൾ വേദികളിൽ നിന്ന് ശ്രീനിവാസൻ വിട്ടുനിന്നിരുന്നു. സത്യൻ അന്തിക്കാടിന്റെ സാന്നിദ്ധ്യത്തിലാണ് മോഹൻലാലിന്റെ സ്നേഹപ്രകടനം.

മലയാളികള്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസൻ ജോഡി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരും ചേ‌ർന്ന് പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. ‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും പോലെ നിരവധി കഥാപാത്രങ്ങളിലൂടെ രസിപ്പിച്ച ഇവർ ഓഫ് സ്ക്രീനിലും അടുത്ത സുഹൃത്തുക്കളാണ്.