ഇന്ത്യയെ പോലെ അപ്പാച്ചെ വാങ്ങാൻ കാശില്ല, അമേരിക്കൻ ഹെലികോപ്ടറിനെ 'കോപ്പി പേസ്റ്റടിച്ച്' ചൈന പാകിസ്ഥാനെ വീണ്ടും പറ്റിച്ചു

Sunday 07 August 2022 4:01 PM IST

അമേരിക്കയിൽ നിന്നും അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്ടറിന്റെ കരുത്ത് കണ്ടതുമുതൽ അതുപോലെയുള്ള ഹെലികോപ്ടറുകൾ സ്വന്തമാക്കണമെന്ന് പാകിസ്ഥാനും ആഗ്രഹമുണ്ട്. പാകിസ്ഥാന്റെ ഈ ആഗ്രഹം പക്ഷേ സാമ്പത്തിക അവസ്ഥ മോശമായതിനാലും, അമേരിക്കയുമായുള്ള ബന്ധം വഷളായതിനാലും പൂവണിയാൻ സാദ്ധ്യത കുറവാണ്. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് ചൈന. പാകിസ്ഥാന് നൽകാനായി അപ്പാച്ചെയുടെ അതേ ഡിസൈനിലുള്ള ഹെലികോപ്ടറുകൾ നിർമ്മിച്ചിരിക്കുകയാണ്. ചൈനീസ് സേനയുടെ പുതിയ ഇസഡ്10 ഹെലികോപ്ടറുകൾക്കാണ് അപ്പാച്ചെയുടെ രൂപ ഭംഗിയുള്ളത്.

ചൈനീസ് സൈന്യം ഉപയോഗിക്കുന്ന ഇസഡ്10 എന്ന ഹെലികോപ്ടറിന്റെ പുതിയ പതിപ്പാണ് പാകിസ്ഥാന് വേണ്ടി നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിലാണ് പുതിയ ഹെലികോപ്ടറിന്റെ ചിത്രം വന്നത്. എന്നാൽ ഞൊടിയിടയിൽ പ്രതിരോധ നിരീക്ഷകർ ഹെലികോപ്ടർ അപ്പാച്ചയുടെ ഈച്ചക്കോപ്പിയാണെന്ന് തിരിച്ചറിഞ്ഞു.

5,100 കിലോഗ്രാം ഭാരവും 1,120 കിലോമീറ്റർ ദൂരപരിധിയുമുള്ള ഇസഡ്10 പ്രധാനമായും ടാങ്കുകളെ ആക്രമിക്കുവാനാണ് നിർമ്മിച്ചിട്ടുള്ളത്. റോക്കറ്റ് ലോഞ്ചറുകൾ, എയർടുഎയർ മിസൈലുകൾ, മറ്റ് ആയുധങ്ങൾ എന്നിവ വഹിക്കും. 23 മില്ലിമീറ്റർ കാലിബറുള്ള റിവോൾവർ പിസ്റ്റളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ടാങ്ക് വിരുദ്ധ മിസൈലുകൾ ഡസനിലധികം വഹിക്കാനാവും. കാഴ്ചയിൽ അപ്പാച്ചയോട് നേരിടാൻ കഴിയുമെങ്കിലും പ്രകടനത്തിൽ ചൈനയുടെ പതിവ് ഗുണം ഇസഡ്10 കാണിച്ചാൽ പാകിസ്ഥാന്റെ അവസ്ഥ കൂടുതൽ പരുങ്ങലിലാവും. ചൈനയിൽ നിന്നും അടുത്തിടെ വാങ്ങിയ വിമാനങ്ങൾ, കപ്പലുകൾ, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയവയെല്ലാം ഒന്നിലധികം സാങ്കേതിക പ്രശ്നങ്ങളാൽ പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയിലാണ്.