ഹർ ഘർ തിരംഗ, മോദി ആവശ്യപ്പെട്ടിട്ടും ത്രിവർണം അണിയാൻ ആർ എസ് എസ് മടികാണിക്കുന്നുണ്ടോ ? 

Sunday 07 August 2022 4:35 PM IST

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ എല്ലാ വീടുകളിലും ഈ മാസം 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നാലെ മൻ കി ബാത്തിലെത്തി അദ്ദേഹം എല്ലാവരും അവരുടെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിനാളുകൾ അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇപ്പോൾ ദേശീയ പതാക ആക്കിയിട്ടുണ്ട്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പ്രധാനമന്ത്രിയുടെ ആശയത്തെ പ്രതിരോധിക്കുന്നതിനായി നെഹ്റു പതാകയുമായി നിൽക്കുന്ന ചിത്രമാണ് നൽകിയത്. ഇതിനൊപ്പം കോൺഗ്രസ് നേതാക്കൾ മറ്റൊരു ചോദ്യവും ഉയർത്തി, എന്ത് കൊണ്ട് പ്രധാനമന്ത്രിയുടെ വാക്കുകൾ ആർ എസ് എസ് ചെവിക്കൊള്ളുന്നില്ല, അവർ ത്രിവർണമണിയാൻ മടിക്കുന്നതെന്ത് കൊണ്ട് ? ഇതോടെ ദേശീയ പതാകയുമായുള്ള ആർഎസ്എസിന്റെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണ പതാകയിലേക്ക് മാറ്റിയെങ്കിലും ആർഎസ്എസ് നേതാക്കൾ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ഇത് സംഘടനയെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് അവസരമൊരുക്കി. എന്നാൽ ഇതിന് മറുപടിയായി സ്വാതന്ത്ര്യദിനാഘോഷങ്ങൾ 'രാഷ്ട്രീയവത്കരിക്കരുത്' എന്ന മറുപടിയാണ് ബി ജെ പി നൽകിയത്. ആർഎസ്എസിന്റെ എല്ലാ പ്രവർത്തികളിലും രാജ്യസ്‌നേഹം നിറഞ്ഞിരിക്കുന്നുവെന്നും അവർ വാദിച്ചു. 52 വർഷമായി ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഇതിനുള്ള രാഹുൽ ഗാന്ധിയുടെ മറുചോദ്യം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വേളയിൽ കുങ്കുമ നിറം മാത്രമുള്ള പതാകയാവണം ദേശീയ പതാക എന്ന നിലപാടായിരുന്നു ആർ എസ് എസിനുള്ളത്. മൂന്ന് നിറങ്ങൾ സമ്മേളിച്ച പതാക അശുഭ ലക്ഷണമാണെന്ന വാദവും അവർ ഉയർത്തി. എന്നിരുന്നാലും 1947 ഓഗസ്റ്റ് 15 ന് നാഗ്പൂരിലെ ആസ്ഥാനത്ത് ആർ എസ് എസ് ദേശീയ പതാക ഉയർത്തി. 1950 ജനുവരി 26 നും ത്രിവർണ പതാക ഉയർന്നു. എന്നാൽ പിന്നീട് നീണ്ട് 52 വർഷം അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയുണ്ടായി നാഗ്പൂരിൽ മൂവർണക്കൊടി പാറാൻ. 2022 ജനുവരി 26 നാണ് ത്രിവർണ്ണ പതാക വീണ്ടും അവിടെ ഉയർന്നത്. സ്വകാര്യ സംഘടനകൾ ദേശീയ പതാക ഉയർത്തുന്നത് ഇന്ത്യയുടെ പതാക കോഡുകൊണ്ട് നിയന്ത്രിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഇപ്പോൾ ആർ എസ് എസ് ന്യായീകരണം. സ്വകാര്യ, പൊതു, സർക്കാർ സ്ഥാപനങ്ങൾ ദേശീയ പതാക ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളെ കുറിച്ചാണ് ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നത്.

ആർ എസ് എസ് ദേശീയപതാകയ്ക്ക് എതിരാണെന്ന് വാദിക്കുന്നവർക്കുള്ള മറുപടി 2018ൽ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നൽകിയിട്ടുണ്ട്. സംഘത്തിന്റെ ജനനം മുതൽ ത്രിവർണ്ണ പതാകയെ ബഹുമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

'ആസാദി കാ അമൃത് മഹോത്സവ്' പരിപാടികൾക്ക് ആർഎസ്എസ് പിന്തുണ നൽകുന്നുണ്ട്. സ്വയംസേവകരുടെ പൂർണ പിന്തുണയും പങ്കാളിത്തവും ഉറപ്പിക്കുവാൻ ഇക്കാര്യത്തിൽ ജൂലായിൽ നിർദേശവും നൽകിയിരുന്നതായി ആർഎസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കർ പറയുന്നു.

Advertisement
Advertisement