അങ്ങിങ്ങ് ആശ്വാസം, ദുരിതം മാറാതെ പടിഞ്ഞാറ്.

Monday 08 August 2022 12:00 AM IST

കോട്ടയം. നഗരത്തോട് ചേർന്നുള്ള ചില പ്രദേശങ്ങളിൽ വെള്ളമിറങ്ങിയത് ആശ്വാസമാകുമ്പോഴും ദുരിതമകലാതെ പടിഞ്ഞാറൻമേഖല. കോട്ടയം, വൈക്കം താലൂക്കുകളിലായി ആയിരത്തിലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുമരകം ഒഴികെ പടിഞ്ഞാറ് ഭാഗത്ത് ഇപ്പോഴും ദുരിതം തു‌ടരുന്നു.

മണർകാട്,​ വിജയപുരം പഞ്ചായത്തുകളിലും കോട്ടയം,​ ഏറ്റുമാനൂർ നഗരസഭാ പരിധികളിലും ചില ഭാഗങ്ങളിൽ വെള്ളമിറങ്ങി. ഇത്രയും ദിവസം മഴമാറി നിന്നിട്ടും പൂർണമായും വെള്ളം ഒഴുകിമാറാത്തത് ആശങ്ക സൃഷ്ടിക്കുന്നു. വെള്ളം കയറിയിറങ്ങിയ വീടുകളും കാലിത്തൊഴുത്തുകളും വൃത്തിയാക്കുകയെന്ന ശ്രമകരമായ ജോലിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തവണ വെള്ളം ഉയരുമെന്നു നേരത്തെ അറിയാമായിരുന്നതിനാൽ പരമാവധി പേർ വീട്ടുപകരണങ്ങൾ ഉയർത്തിവയ്ക്കുകയോ, സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയോ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ നഷ്ടക്കണക്കിൽ കുറവുണ്ട്.

ജില്ലയിൽ 62 ക്യാമ്പുകൾ.

ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 917 കുടുംബങ്ങളിലെ 2514 പേരെ ഈ ക്യാമ്പുകളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക് : 7, കോട്ടയം: 37, മീനച്ചിൽ: 7, കാഞ്ഞിരപ്പള്ളി :3, വൈക്കം: 8 എന്നിങ്ങനെയാണ് എണ്ണം. 1015 പുരുഷന്മാരും 1055 സ്ത്രീകളും 444 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1448 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 218 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും വൈക്കത്ത് 288 പേരെയുമാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

അവധി ക്യാമ്പുകൾ ഉള്ളിടത്ത് മാത്രം.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു.

Advertisement
Advertisement