9 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയി, തിരിച്ചെത്താൻ പൂജയെ തുണച്ചത് 'കാൺമാനില്ല' പരസ്യം

Monday 08 August 2022 12:38 AM IST

മുംബയ്: ഒമ്പത് വർഷം മുമ്പ് രാവിലെ മാതാപിതാക്കൾക്ക് ടാറ്റ നൽകി സഹോദരനൊപ്പം മുംബയ് അന്ധേരിയിലുള്ള സ്കൂളിലേക്ക് പോയ ഏഴ് വയസുകാരി പൂജ പിന്നെ മടങ്ങി വന്നില്ല. പൊലീസിൽ പരാതിപ്പെട്ടു, പത്രപ്പരസ്യം നൽകി, പലവഴികൾ അന്വേഷിച്ചു. പക്ഷേ, പൂജയെ കണ്ടെത്താനായില്ല.

അവിചാരിതമായി 16-ാം വയസിൽ സ്വന്തം വീട്ടിലേക്ക് അവൾ മടങ്ങിയെത്തി. അപ്പോഴേക്കും കരൾ മുറിയുന്ന ജീവിതനൊമ്പരം അവൾ അനുഭവിച്ചു കഴിഞ്ഞിരുന്നു. കയ്പ്പേറിയ ഓർമ്മകൾ അയവിറക്കുമ്പോഴും ഒൻപത് വർഷങ്ങൾക്കുശേഷം മകളെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൂജയുടെ മാതാപിതാക്കൾ.

2013 ജനുവരി 22ന് ആയിരുന്നു പൂജയെ കാണാതാവുന്നത്. ഹെൻറി ജോസഫ് ഡിസൂസ എന്നയാൾ ഐസ്ക്രീം നൽകിയത് കഴിച്ചതേ അവൾക്ക് ഓർമ്മയുള്ളൂ. മയങ്ങി വീണ പൂജയെ ഹെൻറി തട്ടിക്കൊണ്ട് പോയി. തനിക്കും ഭാര്യയ്ക്കും അന്ന് കുഞ്ഞുങ്ങളില്ലാതിരുന്നതിനാലാണ് പൂജയെ തട്ടിയെടുത്തതെന്നായിരുന്നു അയാളുടെ വാദം. മറ്രാരും തിരിച്ചറിയാതിരിക്കാൻ ഹെൻറി പൂജയെ കർണാടകയിലെ ഒരു ഹോസ്റ്രലിൽ അയച്ചു. പേര് മാറ്രി ആനി ‌ഡിസൂസ എന്നാക്കി. പിന്നീട് ഇയാൾക്ക് സ്വന്തമായൊരു കുഞ്ഞ് ജനിച്ചപ്പോൾ പൂജയെ തിരികെ വീട്ടിലെത്തിച്ചു. അന്നു മുതൽ പൂജയെ അവർക്ക് വേണ്ടാതായി. വീട്ടുജോലിക്കാരിയാക്കി കഷ്ടപ്പെടുത്തി.

ഒരു ദിവസം മദ്യലഹരിയിലായ ഹെൻറി 'ആനി തന്റെ മകളല്ലെന്ന' സത്യം വെളിപ്പെടുത്തി. ഇതോടെ പൂജ രക്ഷപ്പെടാനുള്ള മാർഗം അന്വേഷിച്ച് തുടങ്ങി.

സ്വന്തം പേര് മനസിലാക്കിയ പൂജ, സുഹൃത്തിനൊപ്പം ചേർന്ന് ''പൂജയെ കാണ്മാനില്ല '' എന്ന് ഇന്റർനെറ്റിൽ പരതി. 2013ൽ ഇറക്കിയ ഒരു പോസ്റ്റർ കണ്ടെത്തി. അതിൽ അഞ്ച് ഫോൺ നമ്പറുകൾ ഉണ്ടായിരുന്നെങ്കിലും നാലും പ്രവർത്തനരഹിതമായിരുന്നു. ഭാഗ്യവശാൽ ഒരു നമ്പർ റിംഗ് ചെയ്തു. അയൽവാസി അതെടുത്തു. പൂജയുടെ ശബ്ദം തിരിച്ചറിഞ്ഞ അയൽവാസി ഉടൻ വീ‌ഡിയോ കാൾ ചെയ്ത് പൂജയ്ക്കും അമ്മയ്ക്കും സംസാരിക്കാൻ അവസരമൊരുക്കി. മകളെ ക്ഷണവേഗത്തിൽ തിരിച്ചറിഞ്ഞ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. പൊലീസ് എത്തി പൂജയെ കുടുംബത്തിനൊപ്പം ഒന്നിപ്പിച്ചു. പൂജയുടെ അച്ഛൻ മരിച്ചുപോയെങ്കിലും അമ്മയെയും സഹോദരങ്ങളെയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് പൂജ.

Advertisement
Advertisement