ഒലി, ബിഗ് സല്യൂട്ട് ടു യൂ....

Monday 08 August 2022 12:46 AM IST

ലക്‌നൗ: ഒലി എന്ന നായ ഓർമ്മയാകുമ്പോൾ ഉത്തർപ്രദേശ് പൊലീസിന് നഷ്ടമാകുന്നത് ധീരനും വിശ്വസ്തനുമായ സഹപ്രവർത്തകനെയാണ്. ഒലിക്ക് പകരം വയ്ക്കാനൊരാളില്ലെന്നാണ് അവർ അനുസ്മരിക്കുന്നത്.

പത്ത് വർഷത്തിലേറെ അനുഭവസമ്പത്തുള്ള ഒലി സ്ഫോടക വസ്തുക്കളെയും കുറ്റവാളികളെയും കണ്ടെത്തുന്നതിൽ അഗ്രഗണ്യനായിരുന്നു.

2011 മാർച്ച് 10നാണ് ഒലി ജനിച്ചത്. ഗ്വാളിയാറിലെ നായ പരിശീലന കേന്ദ്രത്തിലാണ് സ്ഫോടക വസ്തുക്കൾ മണപ്പിച്ച് കണ്ടെത്തുന്നതിനുള്ള പരിശീലനം ഒലിക്ക് ലഭിച്ചത്. ആറ് മാസത്തെ പരിശീലനത്തിന് ശേഷം 2012 ജൂൺ 17ന് ഒലിക്ക് കോൺസ്റ്റബിൾ റാങ്ക് ലഭിച്ചു. 2014 ഏപ്രിലിൽ തോപ്ഖാനാ പ്രദേശത്തും 2015 ഒക്ടോബറിൽ ഘർഗുപൂരിലും കുഴിച്ചിട്ടിരുന്ന വെടിമരുന്ന് ശേഖരം കണ്ടെത്താൻ ഒലിയുടെ വൈദഗ്ദ്ധ്യത്തിന് സാധിച്ചു. 2016 മേയിൽ കോട്ട്വാലി നഗർ പൊലീസ് സ്റ്റേഷനടുത്ത് ചവറുകൂനയിൽ നിക്ഷേപിച്ചിരുന്ന ബോംബും ഒലി നിഷ്പ്രയാസം കണ്ടെത്തി. ഒലിയുടെ ഭക്ഷണത്തിനായി മാസം 18000 രൂപയും ചികിത്സക്കായി 3000 രൂപയും പൊലീസ് സേന ചെലവഴിച്ചു. ഡ്യൂട്ടിയിലിരിക്കെ, അസുഖം ബാധിച്ചാണ് ഒലി വിടപറഞ്ഞത്. ഒരു കുടുംബാംഗത്തെപ്പോലെ കരുതിയ പ്രിയപ്പെട്ട കൂടപ്പിറപ്പിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയാണ് യു.പി പൊലീസ് ഒരുക്കിയത്.

Advertisement
Advertisement