വിത്തുപത്തായത്തിന് താഴുവീണു ലക്ഷങ്ങൾ വെള്ളത്തിൽ

Monday 08 August 2022 12:14 AM IST

കണ്ണൂർ: കർഷർക്ക് വേഗത്തിൽ വിത്ത് എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ കണ്ണൂരിൽ സ്ഥാപിച്ച വിത്തുപത്തായം പൂട്ടി. ലക്ഷങ്ങൾ ചെലവാക്കി ജില്ലാപഞ്ചായത്ത് കാര്യാലയത്തിനു സമീപം സ്ഥാപിച്ച വിത്തുപത്തായത്തിനാണ് താഴുവീണത്. പത്തുരൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള വിത്തിനം ലഭിക്കുന്ന വൈൻഡിംഗ് മെഷീനായിരുന്നു വിത്തുപത്തായത്തിൽ.

കൊവിഡിനെ തുടർന്നാണ് പത്തായത്തിനു കഷ്ടകാലം തുടങ്ങിയത്. നല്ലവിത്തുതേടിയുള്ള കർഷകരുടെ നെട്ടോട്ടത്തിന് വിരാമമിട്ട് അത്യുത്പാദനശേഷിയുള്ള വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വ‌ർഷം മുമ്പ് ജില്ലാപഞ്ചായത്ത് വിത്തുപത്തായം തുറന്നത്. പണം നിക്ഷേപിച്ചതിനു ശേഷം ആവശ്യമായ വിത്തിന്റെ കോഡ് രേഖപ്പെടുത്തിയാൽ വിത്തുലഭിക്കുന്ന സംവിധാനമായിരുന്നു ഏർപ്പെടുത്തിയത്. 8.4 ലക്ഷം രൂപ ചെലവിലാണ് മെഷീൻ ഉൾപ്പെടെയുള്ളവ ഒരുക്കിയത്. കരിമ്പം ഫാമിൽ നിന്നാണ് അത്യുത്പാദനശേഷിയുള്ള വിത്തുകളെത്തിച്ചത്. എന്നാൽ പദ്ധതി ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും പണം മെഷീൻ എടുക്കാതെയായതും തിരിച്ചടിയായി.
ചീര, പയർ, വഴുതന, മത്തൻ, കുമ്പളം തുടങ്ങി പതിനാറോളം വിത്തിനങ്ങളുടെ വിതരണമാണ് നടന്നുവന്നിരുന്നത്. 40 ഇനം വിത്തുകൾ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലായിരുന്നു സംവിധാനം. 2019മാർച്ച് ഏഴിനാണ് ജില്ലാപഞ്ചായത്ത് ഓഫീസിനു സമീപം വിത്തുപത്തായത്തിന്റെ പ്രവർത്തനം തുടങ്ങിയത്. മൃഗാശുപത്രി, ജില്ലാ ആശുപത്രി എന്നിവയ്ക്കു സമീപവും വിത്തുപത്തായം സ്ഥാപിച്ചിരുന്നുവെങ്കിലും അതുപിന്നെ ഒന്നായി ചുരുക്കുകയായിരുന്നു.


വെള്ളം കയറിയതിനെ തുടർന്ന് കുറെക്കാലം പത്തായം അടച്ചിട്ടിരുന്നു. കൊവിഡ് കാലം കഴിഞ്ഞതോടെ വിത്തുപത്തായത്തിൽ നിന്നും വിത്തെടുക്കാൻ പറ്റാതെയായി. അതോടെ വീണ്ടും പത്തായം അടച്ചിടുകയായിരുന്നു. കൊവിഡ് ഭീതിയൊഴിഞ്ഞു സാധാരണഗതിയിലായതോടെ പത്തായം ജില്ലാപഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ സാങ്കേതികതകരാർ കാരണം അതിൽ നിന്നും വിത്തെടുക്കാൻ പറ്റാതായിട്ടുണ്ട്.
പി.പി ദിവ്യ (ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)

Advertisement
Advertisement