വരുന്നു വീണ്ടും പെരുമഴ; അപകടക്കെണികളുമായി റോഡുകൾ

Monday 08 August 2022 12:16 AM IST

തൃശൂർ: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകുതോടെ വീണ്ടും കനത്തമഴയുണ്ടായാൽ വൻഅപകടക്കെണികളാകുന്നത് റോഡുകളാകും. ദേശീയ - സംസ്ഥാന പാതകളിലെല്ലാം വലുതും ചെറുതുമായ കുഴികൾ കഴിഞ്ഞ അതിതീവ്രമഴയിൽ രൂപപ്പെട്ടിരുന്നു. തൃശൂർ - കുറ്റിപ്പുറം ദേശീയപാതയിലും തൃശൂർ - വാടാനപ്പിള്ളി പാതയിലും ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലുമെല്ലാം കുഴികളുണ്ട്.

രാത്രികാലങ്ങളിൽ അപകടസാദ്ധ്യതയേറെയാണ്. പേരാമംഗലം - മുണ്ടൂർ മേഖലയിൽ റോഡ് നിർമ്മാണം മഴയിൽ തടസപ്പെട്ടതോടെ ഒറ്റവരി ഗതാഗതം താറുമാറായി. പേരാമംഗലത്ത് വെള്ളക്കെട്ടും കുഴികളുമേറെയാണ്. കഴിഞ്ഞ ദിവസം കോൺക്രീറ്റ് നിറച്ച് കുഴികൾ അടയ്ക്കാൻ ശ്രമിച്ചെങ്കിലും പാഴായി. പല റോഡുകളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.

ചാലക്കുടി വി.ആർ. പുരത്ത് ബൈലൈൻ റോഡ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് മൂലം റെയിൽവേപാളത്തിലൂടെ നടക്കാൻ ശ്രമിച്ച യുവതി വെള്ളത്തിൽ വീണ് കഴിഞ്ഞദിവസം മരിച്ചിരുന്നു. റെയിൽവേ പാലത്തിൽ നിന്ന് വെള്ളക്കെട്ടിൽ വീണ സ്ത്രീകളെ ആശുപത്രിയിൽ എത്തിക്കാൻ രക്ഷാപ്രവർത്തകർ വെള്ളത്തിലൂടെ ചുമന്നുകൊണ്ടുപോയത് 50 മീറ്ററോളം ദൂരമായിരുന്നു. വെള്ളക്കെട്ട് കാരണം ആലപ്പാട് കുണ്ടോളിക്കടവ് ഷാപ്പ് കലുങ്കിന് സമീപം നിയന്ത്രണം വിട്ട കാർ കഴിഞ്ഞദിവസം പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റിരുന്നു.

വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചെങ്കിലും വെള്ളക്കെട്ട് കാണുന്നതിന് പാടങ്ങളിലേക്കും മറ്റും നിരവധി ആളുകൾ എത്തുന്നുണ്ട്. വെള്ളക്കെട്ടിൽ വൻ കുഴികളും വിള്ളലുകളും കാണാതെ അപകടങ്ങളിൽ പെടുന്നവരും കൂടുകയാണെന്ന് പൊലീസ് പറയുന്നു.

  • മഴക്കാലത്ത് ഗൂഗിൾമാപ്പ് പണിതരും

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളിലെല്ലാം മഴ വില്ലനായിരുന്നു. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പിലൂടെ അറിയാനാകില്ല. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്രാസാദ്ധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാദ്ധ്യമല്ലാത്തതുമായ അപകടവഴികളിലൂടെയും ഗൂഗിൾ മാപ്പ് നയിക്കും. രാത്രികാലങ്ങളിൽ ജി.പി.എസ് സിഗ്‌നൽ നഷ്ടപ്പെട്ട് വഴി തെറ്റാനിടയുണ്ട്.

ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച് വെള്ളക്കെട്ടുകളിൽ വീഴുന്ന സംഭവങ്ങൾ പതിവായതോടെയാണ് പൊലീസിന്റെ നിർദ്ദേശം.

‌ശ്രദ്ധിക്കാൻ:

ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ് കാണിക്കുമെങ്കിലും ഇത് സുരക്ഷിതമായി കൊള്ളണമെന്നില്ല.
മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതമായതും വിജനമായതുമായ റോഡുകൾ ഒഴിവാക്കണം.
കൂടുതൽപേർ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ലൊക്കേഷനിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടാകാം
സിഗ്‌നൽ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
നാലുചക്ര - ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര എന്നിങ്ങനെയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം.

Advertisement
Advertisement