ബിന്ദു എഴുതുകയാണ്, പുരുഷുപ്പൂച്ചയുടെ ജീവചരിത്രം

Monday 08 August 2022 12:22 AM IST
ബിന്ദു പുരുഷുപ്പൂച്ചയുടെ ജീവചരിത്ര രചനയിൽ. കൗതുകത്തോടെ നോക്കിയിരിക്കുന്നത് വീട്ടിലെ പിയൂഷ് എന്ന പൂച്ച

തൃശൂർ: പുരുഷുവിന്റെ ജനനം മുതൽ ഏഴാംവയസിലെ മരണം വരെയുള്ള കഥയെഴുതുകയാണ് ഇരിങ്ങാലക്കുട പുല്ലൂർ അമ്പലനട തെമ്മായത്ത് വീട്ടിൽ ബിന്ദു. കഥ ഫേസ്ബുക്കിൽ തുടർച്ചയായി പ്രസിദ്ധീകരിക്കും. പുസ്തകമാക്കാനും ആഗ്രഹമുണ്ട്.
കാഴ്ചയും ചലനവും ഇല്ലാതിരുന്നിട്ടും സ്വന്തം കുഞ്ഞിനെപ്പോലെ ബിന്ദു പരിപാലിച്ച പൂച്ചയാണ് പുരുഷു.

അവന്റെ ഓർമയ്ക്കായി വീട്ടിൽ കല്ലറയുടെ മാതൃകയിൽ സ്മാരകവും നിർമ്മിച്ചു. ഇതിൽ പുഷ്പാർച്ചന നടത്തിയാണ് ബിന്ദുവിന്റെ ദിവസം തുടങ്ങുക. സാഹിത്യഭാഷ വശമില്ലെങ്കിലും താൻ സ്‌നേഹിച്ച പുരുഷുവിനെ കുറിച്ചാകുമ്പോൾ എഴുതാമെന്ന വിശ്വാസമുണ്ട്. പുരുഷു ജനിക്കുന്നതിന് മുമ്പുള്ള സ്വന്തം പൂച്ചക്കമ്പത്തിൽ നിന്നാണ് തുടങ്ങുക. തുടർന്ന് അവന്റെ ജീവചരിത്രത്തിലേക്ക് കടക്കും. മകളുടെയും ഭർത്താവിന്റെയും സഹായത്തോടെ ടൈപ്പ് ചെയ്താണ് ഫേസ്ബുക്കിലിടുക. പൂച്ചസ്‌നേഹികളായ കുടുംബാംഗങ്ങളും കഥാപാത്രങ്ങളാകും.

വൈറൽപനിയും വാതവും

വാതം ഗുരുതരമായതിനെ തുടർന്നാണ് കഴിഞ്ഞ ജനുവരിയിൽ പുരുഷു ചത്തത്. ചെറുപ്പകാലത്ത് വന്ന വൈറൽപനി കാഴ്ച നഷ്ടപ്പെടുത്തിയെങ്കിലും നടന്നിരുന്നു. വാതത്തെ തുടർന്ന് കിടപ്പിലായപ്പോൾ ബിന്ദു, സ്വന്തം മുറിയിൽ പുരുഷുവിന് പ്രത്യേകം കട്ടിലും കിടക്കയുമൊരുക്കി. കുളിപ്പിച്ച് വൃത്തിയാക്കി അവന് ഇഷ്ടപ്പെട്ട അയല പൊരിച്ചതും ചോറും മടിയിലിരുത്തി കൊടുത്തു. ചുടുപാലും മുറ തെറ്റാതെ മരുന്നും നൽകി. ആയുർവേദ ഡോക്ടറായ മകൾ ആതിര വാതത്തിന് മുതിരക്കിഴി വച്ചു. ഭർത്താവ് ഷാജിയും ഒപ്പമുണ്ടായി.

പുരുഷുവിന്റെ ശബ്ദസന്ദേശം

കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് ബിന്ദുവിന്റെ ശബ്ദവും ഗന്ധവും പുരുഷു തിരിച്ചറിഞ്ഞിരുന്നു. സ്‌നേഹം പ്രകടിപ്പിക്കാനും വിശപ്പും ദാഹവും അറിയിക്കാനുമുള്ള അവന്റെ പ്രത്യേക 'ശബ്ദസന്ദേശങ്ങൾ' ബിന്ദു തിരിച്ചറിഞ്ഞിരുന്നു. മുന്നറിയിപ്പ് ശബ്ദം കേട്ടാൽ എടുത്തുകൊണ്ടുപോയി ശരീരം കുലുക്കിയാലേ വിസർജ്ജിക്കുമായിരുന്നുള്ളൂ. പുരുഷുവിനെ പരിചരിക്കാനായി ദൂരയാത്രകളും ബിന്ദു ഒഴിവാക്കി. മൃതദേഹം പൊതിഞ്ഞു കിടത്തി. തലയ്ക്കൽ വിളക്ക് വച്ച് സംസ്‌കരിച്ച സ്ഥലത്ത് തുളസി നട്ടിരുന്നു. തുടർന്നാണ് സ്മാരകം നിർമ്മിച്ചത്.


എന്റെ മകനെപ്പോലെയാണ് പുരുഷു. അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് കഥയെഴുതുന്നത്. എന്റെ വീട്ടുകാരും പൂച്ചസ്‌നേഹികൾ ആയിരുന്നു.

ബിന്ദു

Advertisement
Advertisement