മുതലയെ കാണാൻ ചെന്നു, കണ്ടത് ഒരു ബാഗ് !

Monday 08 August 2022 3:41 AM IST

ലണ്ടൻ : ലോകത്തെ പ്രശസ്തമായ മൃഗശാലകളിലൊന്നാണ് സെഡ്.എസ്.എൽ ലണ്ടൻ സൂ. കുരങ്ങുകൾ, പെൻഗ്വിനുകൾ, സിംഹം, കടുവ തുടങ്ങി വിവിധയിനം മൃഗങ്ങളെ ഇവിടെ കാണാം. എന്നാൽ മൃഗശാലയിലേക്കെത്തുന്ന സഞ്ചാരികൾ വംശനാശ ഭീഷണി നേരിടുന്ന സയാമീസ് മുതലയുടെ കൂട്ടിലേക്ക് ചെന്നാൽ കാണുക മറ്റൊന്നിയാകും. ഒരു ഹാൻഡ് ബാഗാണ് അത്. ! ഒരു സയാമീസ് മുതലയുടെ തോലിൽ നിന്ന് നിർമ്മിച്ച ബാഗ്.

2018ൽ ലണ്ടൻ എയർപോർട്ടിൽ വച്ച് യു.കെയിലെ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണ് ഈ ബാഗ്. ബാഗ് വൈകാതെ മൃഗശാലയ്ക്ക് കൈമാറി. അനധികൃത വന്യജീവി വ്യാപാരം ലോകമെമ്പാടും സൃഷ്ടിക്കുന്ന ആഘാതത്തെ പറ്റി ആളുകളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തിനായാണ് ഈ ബാഗ് മൃഗശാലയ്ക്ക് കൈമാറിയത്.

ലണ്ടൻ മൃഗശാലയിൽ ഇപ്പോൾ ജീവനുള്ള സയാമീസ് മുതലകളില്ല. ആവാസ വ്യവസ്ഥയുടെ നാശവും വേട്ടയാടലും മൂലം വെറും 500 മുതൽ 1000ത്തോളം സയാമീസ് മുതലകൾ മാത്രമാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നതെന്നാണ് കരുതുന്നത്. ഈ ബാഗ് നേരത്തെ തന്നെ സയാമീസ് മുതലയ്ക്ക് പകരം അതിന്റെ കൂട്ടിൽ അധികൃതർ സ്ഥാപിച്ചിരുന്നു. എന്നാൽ അടുത്തിടെ സന്ദർശകരിലൊരാൾ ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ലണ്ടൻ മൃഗശാലയിലെ ബാഗും സയാമീസ് മുതലകളുടെ നിലനിൽപിന് മീതേയുള്ള ഭീഷണിയും വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയായിരുന്നു.

മൃഗങ്ങളുടെ തോലും രോമങ്ങളും ഫാഷൻ മേഖലയിൽ ഉപയോഗിക്കുന്നതിനെതിരെയാണ് മൃഗശാല പ്രധാനമായും ഈ ബാഗ് പ്രദർശിപ്പിച്ചിരിക്കുന്നത്.

തെക്ക് - കിഴക്കൻ ഏഷ്യയിലേയും ഇൻഡോനേഷ്യയിലെയും നദികളാണ് സയാമീസ് മുതലകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. 20 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വേട്ടയാടൽ ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചു. കഴിഞ്ഞ 75 വർഷത്തിനിടെ 80 ശതമാനത്തിലേറെ സയാമീസ് മുതലകളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്.

നിലവിൽ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളെ ലണ്ടൻ മൃഗശാലയിൽ സംരക്ഷിക്കുന്നുണ്ട്. ഇവയിൽ പലതും അനധികൃത വന്യമൃഗ കടത്തുക്കാർ ലക്ഷ്യം വച്ചവയാണ്. 2000 മുതൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അനധികൃതമായി കടത്തുന്നതിനിടെ പിടികൂടിയ എകദേശം 3,000ത്തിലേറെ മൃഗങ്ങളെ യു.കെ ബോർഡർ ഫോഴ്സ് ലണ്ടൻ മൃഗശാലയ്ക്ക് കൈമാറിയിട്ടുണ്ട്.

Advertisement
Advertisement