യേശുദാസിന്റെ നല്ല ഗാനങ്ങളല്ല എല്ലാവരും പാടുന്നത്, ഉദാഹരണ സഹിതം വ്യക്തമാക്കി പി ജയചന്ദ്രൻ

Monday 08 August 2022 11:20 AM IST

തൃശൂർ: മലയാളത്തിൽ നിന്ന് നല്ലൊരു ഗായകൻ ഉയർന്നു വരണമെന്നും എല്ലാവരും അനുകരണത്തിന്റെ പിന്നാലെയാണെന്നും ഗായകൻ പി. ജയചന്ദ്രൻ. പയ്യന്നൂർ പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിലുള്ള തുരീയം സംഗീതോത്സവത്തിന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലൊരു ഗായകനെയാണ് താൻ തേടി നടക്കുന്നത്. യേശുദാസിന്റെ നല്ല ഗാനങ്ങളല്ല പലരും പാടുന്നത്. ഹിറ്റുകൾക്കു പിന്നാലെ മാത്രമാണ് എല്ലാവരും. തോക്കുകൾ കഥ പറയുന്നു എന്ന സിനിമയിലെ 'പാരിജാതം തിരുമിഴി തുറന്നു..' എന്ന പാട്ടാണ് എല്ലാവരും പാടാറുള്ളത്. എന്നാൽ ആ സിനിമയിലെ 'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും..' എന്ന പാട്ടാണ് കൂടുതൽ നല്ലതായി താേന്നിയിട്ടുള്ളത്.

മിടുമിടുക്കിയിലെ 'അകലെ അകലെ നീലാകാശം ..' എന്ന പാട്ടിനെക്കാൾ സുന്ദരം സുശീലാമ്മ പാടിയ 'കനകപ്രതീക്ഷ തൻ കണിമലർത്താലത്തിൽ കല്യാണപ്പൂവുമായ് നിന്നവളേ...' എന്ന ഗാനമാണ്. ഗായകർക്കും സംഗീതസംവിധായകർക്കും ഉച്ചാരണത്തിൽ ജാഗ്രത വേണം. പാട്ടുകേട്ടാൽ എഴുതിയെടുക്കാനാകണം. അക്ഷരസ്ഫുടതയും വേണം. ദേവരാജൻ മാഷ് ഗായകരെ പിടിച്ചിരുത്തിയാണ് പാട്ടുകൾ പഠിപ്പിച്ചിരുന്നത്. കഷ്ണങ്ങളാക്കി പാടി റെക്കാഡ് ചെയ്യുന്ന രീതി മടിയൻമാരാക്കുന്നുണ്ടെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാരം ആശ്രമാധിപതി സ്വാമി കൃഷ്ണാനന്ദഭാരതി അദ്ദേഹത്തിന് സമ്മാനിച്ചു.