ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകൾ അസംബ്ലിയിൽ വിളിച്ച് പറയും, ആ എട്ട് വർഷം ദുരിതമായിരുന്നു; ബാല്യകാലത്തെക്കുറിച്ച് നിറകണ്ണുകളോടെ തുറന്ന് പറഞ്ഞ് ആമിർഖാൻ

Monday 08 August 2022 4:38 PM IST

അഭിനയമികവും കഠിനാധ്വാനവും കൊണ്ട് ഒട്ടവനധി ആരാധകരെ നേടിയെടുത്ത താരമാണ് ആമിർ ഖാൻ. രാജ്യത്തിന് പുറത്തും വലിയ ആരാധക പിന്തുണയുള്ള താരം ബോക്‌സോഫീസിലും പവർഫുൾ ആണ്. ഏറ്റവും കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി ആമിർ നായകനായെത്തിയ 'ദംഗലി'ന്റെ പേരിലാണ്.

ആമിർഖാൻ ഇപ്പോൾ ഒരു സൂപ്പർസ്റ്റാറായിരിക്കാം, എന്നാൽ സിനിമാ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിക്കുന്നതിന് മുൻപ് സുഖകരമല്ലാത്തൊരു ജീവിതം താരത്തിനുണ്ടായിരുന്നു. കുടുംബത്തിലെ കടബാദ്ധ്യതകൾ കാരണം തനിക്കും സഹോദരങ്ങൾക്കും സ്‌കൂൾ ഫീസ് അടയ്ക്കാൻ പോലും കഴിയാതിരുന്ന ബാല്യകാലം ഓർത്തെടുക്കുമ്പോൾ ആമിർ വികാരാധീതനാകാറുണ്ട്.

സ്‌കൂൾ ഫീസ് അടയ്ക്കാൻ കഴിയാതിരുന്ന ആ കാലം

തന്റെ കുട്ടിക്കാലത്തെ അനുഭവ കഥകൾ പ്രേക്ഷകർക്ക് ഒരു അഭിമുഖത്തിൽ ആമിർ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

'കുട്ടിക്കാലത്ത് എന്റെ കുടുംബം കടക്കെണിയിൽ അകപ്പെട്ടിട്ടുണ്ട്. എട്ടുവർഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. പഠനകാലത്ത് ആറാം ക്ലാസിൽ ആറ് രൂപ, ഏഴാം ക്ലാസിൽ ഏഴ് രൂപ, എട്ടാം തരത്തിൽ എട്ട് രൂപ എന്നിങ്ങനെയായിരുന്നു സ്‌കൂൾ ഫീസ്. അന്നൊക്കെ കൃത്യസമയത്ത് ഫീസ് അടയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ഒന്നോ രണ്ടോ മുന്നറിയിപ്പ് നൽകിയ ശേഷം സ്‌കൂൾ പ്രിൻസിപ്പൾ ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകൾ അസംബ്ലിയിൽ വിളിക്കും'- നിറകണ്ണുകളോടെ ആമിർ പറഞ്ഞു.

ചലച്ചിത്ര നിർമ്മാതാവായ താഹിർ ഹുസൈന്റെയും ഭാര്യ സീനത്ത് ഹുസൈന്റെയും മകനാണ് ആമിർ ഖാൻ. ഫൈസൽ ഖാൻ, ഫർഹത്ത് ഖാൻ, നിഖത് ഖാൻ എന്നിവരാണ് സഹോദരങ്ങൾ. 1973 ൽ പുറത്തിറങ്ങിയ 'യാദോൻ കി ഭാരതിൽ' ബാലതാരമായാണ് ആമിറിന്റെ സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റം. 1988ൽ പുറത്തിറങ്ങിയ 'ഖയാമത്ത് സേ ഖയാമത് തക്' എന്ന ചിത്രത്തിൽ ജൂഹി ചൗളയ്‌ക്കൊപ്പം ചെയ്‌ത വേഷം ശ്രദ്ധ നേടിക്കൊടുത്തു.

രാഖ് (1989), ദിൽ (1990), രാജാ ഹിന്ദുസ്ഥാനി (1996), സർഫറോഷ് (1999), ലഗാൻ (2001), രംഗ് ദേ ബസന്തി (2006), താരേ സമീൻ പർ (2007), ഗജിനി (2008), ത്രീ ഇഡിയറ്റ്സ് (2009), ധൂം ത്രീ (2013), പി.കെ (2014), ദംഗൽ (2016) എന്നിവ ആമിറിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണ് 'ലാൽ സിംഗ് ഛദ്ദ'. കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിലുണ്ട്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം 1994ൽ അക്കാഡമി അവാർഡ് നേടിയ 'ഫോറസ്റ്റ് ഗമ്പി'ന്റെ ഹിന്ദി പതിപ്പാണ്. ടോം ഹാങ്ക്സ് ആണ് അതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്.