ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് തെറ്റ്, മേയറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്, നടപടി എടുക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം

Monday 08 August 2022 8:43 PM IST

തിരുവനന്തപുരം: സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടിയിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി. സംഭവത്തിൽ ഉചിതമായ നടപടി കൈക്കൊള്ളാൻ പാ‌ർട്ടിയുടെ ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി. പാർട്ടിയുടെ സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ മേയറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

നേരത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മേയറെ തള്ളി പ്രസ്താവന ഇറക്കിയിരുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്നും ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണെന്നും പി മോഹനൻ വ്യക്തമാക്കി. മേയറുടെ നടപടി സി പി എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് പാർ‌ട്ടി തീരുമാനിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.