ഗാസയിൽ വെടിനിറുത്തൽ:ഉടമ്പടി സ്വാഗതം ചെയ്ത് ബൈഡൻ
ടെൽഅവീവ്: ഗാസയെ തകർത്ത് തരിപ്പണമാക്കിയ, നിരപരാധികളുടെ ജീവനെടുത്ത മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനൊടുവിൽ ഇസ്രായേലും പാലസ്തീൻ ഇസ്ളാമിക് ജിഹാദും വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഈജിപ്തിന്റെ മദ്ധ്യസ്ഥതയിലായിരുന്നു ഒത്തുതീർപ്പ്. ഐക്യരാഷ്ട്രസഭയും ഖത്തറും വിഷയത്തിൽ ഇടപെട്ടിരുന്നു. പരസ്പരം സമാധാനം പുലർത്തണമെന്നും പ്രകോപനം പാടില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
ഉടമ്പടിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. സംഘർഷത്തിന് പരിഹാരം ഉണ്ടാക്കുന്നതിനായി അമേരിക്ക പ്രയത്നിക്കുകയായിരുന്നെന്നും പ്രതിസന്ധി കുറയുന്നതിനാൽ ഗാസയിലേക്ക് സഹായങ്ങളും ഇന്ധനവും എത്തിക്കുമെന്നും ബൈഡൻ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പി.ഐ.ജെയ്‌ക്കെതിരെ ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിൽ 27 സാധാരണക്കാരുൾപ്പെടെ 51 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പതിനഞ്ചുപേർ കുട്ടികളാണ്. 350ഓളം പേർക്ക് പരിക്കേറ്റു.
ഇസ്രയേലിന്റെ തുടർച്ചയായ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി പി.ഐ.ജെ മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു. എന്നാൽ ഇസ്ലാമിക് ജിഹാദിന് ഹമാസ് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
വെടിനിറുത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിലെ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർവകലാശാലകളും തുറക്കും. വിദ്യാർത്ഥികളോട് ക്ലാസിൽ എത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
ഗാസ മുനിസിപ്പാലിറ്റി തെരുവിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച്ചയാണ് ഇസ്രയേൽ ഗാസയിൽ ബോംബ് വർഷിക്കാൻ തുടങ്ങിയത്. കെട്ടിടങ്ങൾ പലതും നിലംപരിശായി. അഭയാർത്ഥി ക്യാമ്പിലും സ്‌ഫോടനമുണ്ടായി.
ഇസ്ലാമിക് ജിഹാദിന്റെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദീകരിച്ചത്. ഇസ്ലാമിക് ജിഹാദിന്റെ സീനിയർ കമാൻഡർമാരെ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. എന്നാൽ കൊല്ലപ്പെട്ട 44 പേരിൽ പകുതിയും സാധാരണക്കാരാണെന്ന് പാലസ്തീൻ അധികൃതർ പറഞ്ഞു.
ഇസ്രയേലിലേക്ക് നൂറിലധികം മിസൈലുകളും ഇസ്ലാമിക് ജിഹാദ് വർഷിച്ചിരുന്നു. എന്നാൽ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രായേൽ ഇതിനെ പ്രതിരോധിച്ചു. എന്നിട്ടും മൂന്ന് പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ അറിയിച്ചു.
കഴിഞ്ഞ വർഷം മേയിൽ പതിനൊന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിന് ശേഷം ഗാസയിലെ സാഹചര്യങ്ങൾ വളരെ വഷളായിരുന്നു. അന്ന് 250 പേരാണ് കൊല്ലപ്പെട്ടത്.