ഇരുട്ട് മായ്ക്കുന്ന ജ്ഞാനവാഹിനി

Tuesday 09 August 2022 12:00 AM IST

മനുഷ്യനുവേണ്ടി മനുഷ്യ ജന്മമെടുത്ത ശ്രീരാമന്റെ കഥയാണ് രാമായണം. രാവണ നിഗ്രഹത്തിനുവേണ്ടി എന്നതിനപ്പുറം 'മർത്യ ശിക്ഷണത്തിനു വേണ്ടിയാണ് ശ്രീരാമ ജനനം' എന്നാണു ശ്രീമദ് ഭാഗവതം പറയുന്നത്. എന്താണ് ജീവിതം എന്ന് പഠിപ്പിച്ചു കൊടുത്ത്, അതിലൂടെ മർത്യസംരക്ഷണം നൽകുക എന്നതായിരുന്നു ഉദ്ദേശം .
ശ്രീരാമൻ രാജാവല്ലാത്ത രാജ്യം ഒരു രാജ്യമല്ല. എന്നാൽ അദ്ദേഹം അധിവസിക്കുന്ന വനമാകട്ടെ, രാഷ്ട്രത്തിന്റെ മഹത്വം അർഹിക്കുന്നു! രാമായണത്തിന്റെ സന്ദേശം തന്നെ രാമനെപ്പോലെ പ്രവർത്തിക്കുക, രാവണനെ പോലെയാകരുത്. ഈ ഭൗതിക ജീവിതത്തിന്റെ അർത്ഥവും അർത്ഥരാഹിത്യവും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുവ്യക്തമായി പഠിപ്പിക്കുന്നു രാമനും രാമായണവും. കൗമാരത്തിൽത്തന്നെ വിശ്വാമിത്രനോടൊപ്പം വനാന്തരത്തിലേക്കു പോകേണ്ടിവന്നു, വനഗഹ്വരത്തിലെ രാത്രീഞ്ചരാദികളുടെ ആക്രമണങ്ങൾ നേരിടേണ്ടിവന്നു, രാജസുഖഭോഗങ്ങളെ ത്യജിക്കേണ്ടിവന്നു. വനത്തിലെ ഫലമൂലാദികൾ മാത്രം ഭുജിച്ച് കഴിഞ്ഞു,വിശ്വാമിത്രന്റെ ആശ്രമത്തിൽ യാഗരക്ഷ നടത്തി, തുടർന്ന് സീതാകല്യാണം. രാജധാനിയിലേക്കു പുറപ്പെടവേ ഭാർഗ്ഗവ രാമൻ എതിർത്തു. പതിന്നാലുവർഷത്തെ വനവാസത്തിനു വിധിയ്ക്കപ്പെട്ടു. പഞ്ചവടി യിൽവെച്ച് രാവണനാൽ സീത നഷ്ടപ്പെടുന്നു, രാക്ഷസീയ ആക്രമണങ്ങൾ നേരിടേണ്ടി വന്നു, കണ്ടകങ്ങളെല്ലാം കടന്ന് ഒടുവിൽ സീതാദേവിയെ വീണ്ടെടുത്ത് അയോദ്ധ്യയിലെത്തി. ഏതോ ദുർബുദ്ധികൾ പ്രചരിപ്പിച്ച ലോകോപവാദത്തിൽ മനംനൊന്ത് ശ്രീരാമന് സീതാദേവിയെ ത്യജിക്കേണ്ടിവന്നതും ലക്ഷ്മണനെ ഉപേക്ഷിക്കേണ്ടി വന്നതും വ്യഥകൾ. മനുഷ്യജീവിതം എപ്പോഴും അനായാസം ഒഴുകുന്ന ഒരു നദിയല്ല. ആ ജീവിതഗതിയ്ക്ക് അതിന്റേതായ നിമ്‌നോന്നതങ്ങളുണ്ടെന്ന് രാമായണത്തിലെ രാമൻ മനുഷ്യകുലത്തെ പഠിപ്പിക്കുന്നു.

ഭാരതസംസ്‌കാരത്തിന്റെ പ്രതീകമായ ശ്രീരാമായണം മനുഷ്യമനസ്സിന്റെ ഇരുട്ട് മായ്ക്കുന്ന ജ്ഞാനവാഹിനിയാണ്. ഈ ലോകത്തിൽ ധൈര്യം,വീര്യം,ശമം,സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നിങ്ങനെ എല്ലാ ഗുണവിശേഷങ്ങളും ഒന്നിനൊന്ന് അനുഭൂതിദായകമാം വിധം ഒത്തുചേർന്ന ഒരു നരനായി വന്ന നാരായണനുണ്ടെങ്കിൽ അത് ശ്രീരാമചന്ദ്രനാണ്. ആ രാമന്റെ കഥയാണ് ''രാമായണം '' . ഭാരതത്തിന്റെ പാരമ്പര്യത്തിലധിഷ്ഠിതമായ അതിമഹത്തായ സാംസ്‌കാരിക സമ്പന്നതയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുരൂപമായ,അനുഭവസിദ്ധമായ ഒരു ഭരണസമ്പ്രദായം 'രാമരാജ്യം' മാത്രമാണെന്ന് മഹാത്മജി നിഷ്‌കർഷിയ്ക്കുകയും അനുയായികൾക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു. പിൽക്കാലത്ത് അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായെങ്കിലും .