പഠിപ്പിച്ചിട്ടും പഠിക്കാതെ പ്രളയപാഠങ്ങൾ

Tuesday 09 August 2022 12:00 AM IST

നത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ ഫോട്ടോ: റാഫി എം.ദേവസി

നാലുവർഷം മുൻപുണ്ടായ പ്രളയവും തുടർവർഷങ്ങളിലുണ്ടായ മേഘവിസ്ഫോടനങ്ങളും അതിതീവ്രമഴകളും വെള്ളപ്പൊക്കവുമെല്ലാം വലിയ ജാഗ്രതയാണ് ആവശ്യപ്പെടുന്നത്. വരുംകാലങ്ങളിലും കാലവർഷം സുരക്ഷിതമല്ലെന്ന ഗുരുതരമായ മുന്നറിയിപ്പ്. പക്ഷേ, പഠിക്കേണ്ടതും ഓർത്തിരിക്കേണ്ടതുമെല്ലാം കാലവർഷം കഴിയുന്നതോടെ നമ്മൾ മറന്നുപോകുന്നുവെന്നതിൻ്റെ തെളിവാണ് നമ്മുടെ കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങളുടെ കുറവ്. പ്രവചനങ്ങൾക്കപ്പുറം മഴപ്പെയ്ത്ത് തുടരുമ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണവും വ്യാപ്തിയും വീണ്ടും കൂട്ടണമെന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് മാസങ്ങളായി. കൂടുതൽ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ (എ.ഡബ്ല്യു.എസ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ) ഉണ്ടായാൽ മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമെല്ലാം കണക്ക് വേഗത്തിൽ ലഭ്യമാകാനും മുൻകരുതൽ സ്വീകരിക്കാനും കഴിയും. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രാദേശികമായി കൂടുതൽ വിവരം വേഗത്തിൽ ലഭ്യമാക്കാനാകും. കേരളത്തിലെ ഓരോ ബ്ളോക്കുകളുടെ കീഴിലെങ്കിലും ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്. 2018ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുഴുവനും നടപ്പായില്ല. കേന്ദ്രകാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സഹകരിച്ചാണ് പ്രാദേശികമായി കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടത്. നാലോ അഞ്ചോ ലക്ഷം മാത്രമാണ് ഒരു സ്റ്റേഷൻ സ്ഥാപിക്കാൻ ചെലവ് വരുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. കേന്ദ്രത്തിന്റെ ടവറും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നതിനടക്കം 10 ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമായി വരും. താപനില, ആർദ്രത, കാറ്റിന്റെ വേഗം, ദിശ, മഴയുടെ ശക്തി എന്നീ വിവരങ്ങൾ രേഖപ്പെടുത്താനാകും. 15 മിനിറ്റ് ഇടവിട്ട് താനേ വിവരങ്ങൾ പുതുക്കാനാകും. സ്റ്റേഷനിൽ നിന്നുളള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കർഷകർക്ക് സഹായങ്ങൾ ലഭ്യമാക്കുന്നതിന് കഴിയും. കാർഷികമേഖലയുടെ വളർച്ചയ്ക്കും ഉപകരിക്കും.

കാർഷികവിളകളുടെ ഉത്പാദനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന കാലാവസ്ഥാ ഘടകങ്ങളുടെ വ്യതിയാനം മുൻകൂട്ടി അറിയാൻ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ സ്ഥാപിക്കുമെന്ന് പത്ത് വർഷം മുമ്പ് സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. ഒരു ബ്‌ളോക്കിന് രണ്ടെണ്ണം എന്ന നിലയിൽ ഇരുന്നൂറെണ്ണമെങ്കിലും തുടങ്ങാനായിരുന്നു ലക്ഷ്യം. സ്‌കൈമാറ്റ് നാഷണൽ കൊളാറ്ററൽ, കാർഷിക സർവകലാശാല, ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്, കൃഷിവകുപ്പ്, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശ സ്ഥാപനങ്ങൾ, കുസാറ്റ്, ഐ.എസ്.ആർ.ഒ, പ്‌ളാന്റേഷൻ കോർപറേഷൻ എന്നീ ഏജൻസികളുടെ സഹായത്തോടെയായിരുന്നു ഇതിനുള്ള ശ്രമങ്ങളെങ്കിലും ഫലം കണ്ടില്ല. പ്രാദേശികമായി കാലാവസ്ഥാ മുന്നറിയിപ്പ് നൽകാൻ കഴിയുന്നത് വളരെ പ്രധാനമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തീരദേശങ്ങളിലും മലയോരങ്ങളിലുമുണ്ടായ കാറ്റും അതിതീവ്രമഴയുമെല്ലാം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള പ്രവചനരീതികൾക്ക് അതിന് കഴിയുന്നില്ല. പ്രാദേശികതല പ്രവചനം സാദ്ധ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടാവരുത്.

പ്രളയസാദ്ധ്യതകൾ എന്നും എപ്പോഴും

ഒരു ദിവസം നാലിടങ്ങളിൽ പെയ്തത് 200 മില്ലി മീറ്ററിലേറെ മഴയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഭൂമിയിലെത്തുന്ന വെള്ളത്തിന്റെ അളവുമേറെ. 2018 പോലെയുളള സ്ഥിതി അല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ടെങ്കിലും പ്രളയസമാനമായ സാഹചര്യമാണ് മദ്ധ്യകേരളത്തിലും വടക്കൻകേരളത്തിലുമുണ്ടായിരുന്നത്. 200 മില്ലിമീറ്ററിലേറെ മഴ വ്യാപകമായി പെയ്യുകയും 48 മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്താൽ പ്രളയത്തിന് സാദ്ധ്യതയായി. പെട്ടെന്ന് പെയ്യുന്ന അതിശക്തമായ മഴയിൽ വ്യാപക നഷ്ടങ്ങളാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടായത്. തീരദേശത്തും മലയോരങ്ങളിലും ഒരുപാേലെ നാശമുണ്ടായി. മഴ നിറുത്താതെ പെയ്യുമ്പോൾ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തിലുണ്ടാകുന്നത്. പ്രളയകാലത്തേതു പോലെയുള്ള പെയ്ത്ത് ഇപ്പോഴും തുടരുകയാണ്. അതിതീവ്രമഴയിൽ, സാധാരണയുള്ളതിനേക്കാൾ പത്തിരട്ടി വെള്ളമാണ് മണ്ണിലെത്തുന്നതെന്നും പ്രശസ്ത കാലാവസ്ഥാഗവേഷകനായ ഡോ. ഗോപകുമാർ ചോലയിൽ വ്യക്തമാക്കുന്നു.

കൈവഴികൾ വഴി നദികൾ തമ്മിലുളള ബന്ധങ്ങൾ കാരണം ഒരു നദിയിലുണ്ടാകുന്ന ദുരന്തത്തിന്റെ പ്രത്യാഘാതം മറ്റുള്ളവയെ നേരിട്ടു ബാധിക്കും. സഹ്യപർവതത്തിലെ ആനമുടി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടിപ്പുഴയ്ക്ക് 130 കിലോമീറ്ററാണ് നീളം. ഷോളയാർ, പറമ്പിക്കുളം, കുരിയാർകുട്ടി, കാരപ്പാറ, ആനക്കയം തുടങ്ങിയ പോഷക നദികളുമായി ചേർന്ന്, വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ കഴിഞ്ഞു ചാലക്കുടി നഗരം പിന്നിട്ട് കഴിഞ്ഞാൽ പെരിയാറുമായി ഒത്തുചേരുന്നുണ്ട്. അതുകൊണ്ടു തന്നെ ചാലക്കുടിപ്പുഴ കരകവിഞ്ഞാൽ പ്രത്യാഘാതം എറണാകുളം ജില്ലയിലും ഉടൻ പ്രതിഫലിക്കും. ചിമ്മിനി വന്യജീവിസങ്കേത മേഖലയിൽ ഉത്ഭവിക്കുന്ന കരുവന്നൂർപ്പുഴ രണ്ടായി പിരിഞ്ഞ് പെരിയാറുമായി ചേരുകയും മറ്റൊന്ന് കനോലി കനാലിൽ ചേർന്ന് ഏനാമ്മാക്കൽ കായലിൽ എത്തുന്നുമുണ്ട്. കോൾപാടങ്ങളിലൂടെ ഒഴുകുന്ന പുഴയായതുകൊണ്ടു തന്നെ ഈ പുഴയിലെ ജലനിരപ്പുയരുന്നതും നിർണ്ണായകം.

  • കോളുകളിലെ വറുതിക്കാലം

കോൾകൃഷിയാണ് തൃശൂർ അടക്കമുളള ജില്ലകളെ കാർഷികസമൃദ്ധമാക്കുന്നത്. കാലാവസ്ഥാമാറ്റം കാർഷികമേഖലയുടെ ഉത്പാദനക്ഷമത പകുതിയാക്കിയെന്നതിന്റെ നേർസാക്ഷ്യമാണ് ഇന്ന് കോൾമേഖല. നെല്ലിൻ്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഞാറുനടുന്ന സമയത്തുണ്ടായ കനത്ത മഴമൂലം കർഷകർക്ക് വൻനഷ്ടമാണ് ഉണ്ടായത്. വെള്ളം കയറി നശിച്ച ഞാറ് അഞ്ചും എട്ടും തവണ മാറ്റിനട്ടുകൊണ്ടാണ് അൽപ്പമെങ്കിലും പച്ചപിടിച്ചത്. വിളവെടുക്കുന്ന സമയത്തും ഇതേ അവസ്ഥയുണ്ടാകുമോയെന്ന ഭയപ്പാടിലാണ് കർഷകർ.

നല്ല വിളവുണ്ടായാലും വിളവെടുപ്പുസമയത്ത് മഴപെയ്താൽ എല്ലാം വെള്ളത്തിലാകും. കഴിഞ്ഞ മാസങ്ങളിൽ മഴ കുറഞ്ഞതും പ്രതിസന്ധിയായി. പ്രളയശേഷം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പല പടവുകളും മീൻകൃഷി ഉപേക്ഷിച്ചു. അതോടെ വെള്ളം കെട്ടിനിർത്തിയ താത്കാലിക കിടയും മറ്റും പൊളിച്ചുനീക്കി. കോളിലെ നെൽക്കൃഷിക്ക് അടുത്ത മാസം മുതൽ പമ്പിംഗ് ആരംഭിക്കാനിരിക്കെയാണ് മഴ ശക്തമാകുന്നത്.
ഏതാണ്ട് മുപ്പതിനായിരം ഏക്കർ വിസ്തൃതിയുളള തൃശൂരിലെ കോൾപ്പാടത്ത് അമ്പതിനായിരത്തിലേറെ കർഷകരുണ്ട്. കാലംതെറ്റിയെത്തുന്ന മഴയും വരൾച്ചയും ഉത്പാദനച്ചെലവും കാരണം കണ്ണീർപ്പാടത്താണ് കർഷകർ. കോർപറേഷൻ പരിധിയിൽ മാത്രം 1100 ഹെക്ടർ കോൾപ്പടവാണുള്ളത്. വിരിപ്പുകൃഷി ചെയ്ത കർഷകരുടെ വേദനയും അതുപോലെത്തന്നെ. തുടക്കം മുതൽ മഴയുണ്ടായിരുന്നതിനാൽ ചെടികൾക്ക് കരുത്ത് കുറവായിരുന്നു. പാടശേഖരത്തിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ കാനകളെല്ലാം തുറന്നിടുകയായിരുന്നു. എന്നിട്ടും വെളളക്കെട്ടുണ്ടായി. കഴിഞ്ഞ മുണ്ടകൻ സീസണിൽ രോഗബാധയിൽ ഏക്കറുകണക്കിന് നെൽച്ചെടികൾ നശിച്ച പാടശേഖരങ്ങളേറെയുണ്ട്. ഇൻഷ്വർ ചെയ്തിട്ടും നഷ്ടപരിഹാരത്തുക ഇതുവരെയും കിട്ടിയിട്ടില്ലെന്ന് കർഷകർ. തോടുകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്താത്തത് വെള്ളം ഒഴിഞ്ഞുപോകുന്നതിന് തടസ്സമാകുന്നുണ്ട്.

Advertisement
Advertisement