കെട്ടിട നമ്പർ തട്ടിപ്പ്: അറസ്റ്റിലായ പ്രതിയുടെ ഭർത്താവിനെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പുകേസിൽ അറസ്റ്റിലായ ഫോർട്ട് സോണൽ ഓഫീസിലെ താത്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർ ബീനാകുമാരിയുടെ ഭർത്താവും നേമം സോണൽ ഓഫീസിലെ ഡ്രൈവറുമായ ശ്രീകുമാറിനെ ഇന്നലെ മ്യൂസിയം പൊലീസ് ചോദ്യം ചെയ്‌തു.
ബീനാകുമാരി അറസ്റ്റിലായതിന് പിന്നാലെ തട്ടിപ്പിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കൂടിയ നഗരസഭ കൗൺസിലിൽ എൽ.ഡി.എഫ് കൗൺസിലർമാർ മേയറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മേയർ തന്നെ മ്യൂസിയം സി.ഐയോട് ശ്രീകുമാറിന് പങ്കുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഇയാളെ രണ്ട് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും മൊഴിയിൽ നിലവിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നും പൊലീസ് പറഞ്ഞു. സംശയമുള്ള സാഹചര്യത്തിൽ തട്ടിപ്പ് നടന്ന സമയത്തെ ഇയാളുടെ നീക്കങ്ങളും പൊലീസ് പരിശോധിക്കും. ഫോൺ വിളി, ബാങ്ക് ഇടപാടുകൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.
കേശവദാസപുരത്തും കുന്നുകുഴിയിലും രണ്ട് കെട്ടിട നമ്പർ തട്ടിപ്പുകൾ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീകുമാർ ബി.എം.എസ് നേതാവാണെന്നും ഇയാളെ നഗരസഭയിലെ ബി.ജെ.പിയും നേതാക്കളും സംരക്ഷിക്കുന്നെന്നുമായിരുന്നു എൽ.ഡി.എഫിന്റെ ആരോപണം. എന്നാൽ ശ്രീകുമാറിന് ബി.ജെ.പിയുമായി ബന്ധമില്ലെന്നും ഉണ്ടെങ്കിൽ തെളിയിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ സമരപരമ്പര ആരംഭിക്കാൻ ബി.ജെ.പി നീങ്ങുന്ന സാഹചര്യത്തിൽ ശ്രീകുമാറിന്റെ ബി.ജെ.പി ചായ്‌വ് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം.