മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന: യു.എ.ഇ പൗരനെ രാജ്യംവിടാൻ സഹായിച്ചു
കൊച്ചി: നിരോധിത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറിയ യു.എ.ഇ പൗരനെ രാജ്യംവിടാൻ മുഖ്യമന്ത്രി സഹായിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചു. മകളുടെ ബിസിനസ് താത്പര്യം തടസപ്പെടാതിരിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും തീവ്രവാദസ്വഭാവം സംശയിക്കേണ്ട കേസിൽ തുടർനടപടികൾ ഉണ്ടായില്ലെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.എ.ഇ പൗരൻ പിടിയിലായതറിഞ്ഞ് കോൺസുൽ ജനറൽ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തന്നോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിവരമറിയിച്ചു. അദ്ദേഹം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷം വേണ്ടനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തിരിച്ചുവിളിച്ച് അറിയിച്ചു. തീവ്രവാദസ്വഭാവം സംശയിക്കാവുന്ന കേസിൽ കോൺസുൽ ജനറലിന്റെ സത്യവാങ്മൂലത്തിൽ ഇയാളെ തൊട്ടടുത്തദിവസം ജാമ്യത്തിൽ വിടുകയായിരുന്നു.
നിരോധിത സാറ്റലൈറ്റ് ഫോണുമായി ദിവസങ്ങളോളം എന്താണ് ചെയ്തതെന്ന് അന്വേഷണം നടത്താതെയാണ് യു.എ.ഇ പൗരനെ രാജ്യംവിടാൻ അനുവദിച്ചത്. തീവ്രവാദിയെ രക്ഷപ്പെടാൻ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തത്. ഇതിന് മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ബാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയും ഓഫീസും നടത്തിയ കൂടുതൽ ഇടപെടലുകൾ പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.
പിടിയിലായത് ഗാസൻ മുഹമ്മദ്
അബുദാബി സ്വദേശിയായ ഗാസൻ മുഹമ്മദ് അൽവായി അൽ ജഫ്രിയാണ് നിരോധിത കൊറിയൻ നിർമ്മിത തുറയ്യ സാറ്റലൈറ്റ് ഫോണുമായി 2017 ജൂലായ് നാലിന് സി.ഐ.എസ്.എഫിന്റെ പിടിയിലായത്. നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇയാൾക്കെതിരെ ഇന്ത്യൻ ടെലിഗ്രാഫ് വകുപ്പ് 1885-4, 1885-20 വകുപ്പുകൾ ചുമത്തി കേസെടുത്തു. ടൂറിസ്റ്റ് വിസയിൽ എത്തിയ ഇയാൾ ജാമ്യം കിട്ടിയശേഷം ഏഴിന് തിരികെമടങ്ങി.