കിടക്ക നൽകാനാവില്ല സഞ്ജയ് റാവത്തിന് വീട്ടിൽ നിന്ന് ഭക്ഷണം
Tuesday 09 August 2022 12:36 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവത്തിനെ മുംബയ് സ്‌പെഷ്യൽ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജയിലിൽ കിടക്ക അനുവദിക്കണമെന്ന ആവശ്യം നിരസിച്ച കോടതി വീട്ടിൽ നിന്ന് ഭക്ഷണവും മരുന്നും നൽകണമെന്നുള്ള റാവത്തിന്റെ ആവശ്യം അനുവദിച്ചു. ജയിലിൽ നിയമപ്രകാരമുള്ള ക്രമീകരണങ്ങളും സൗകര്യവും ബന്ധപ്പെട്ടവർ ചെയ്യുമെന്നും സ്പെഷ്യൽ കോടതി ജഡ്ജി എം.ജി ദേശ് പാണ്ഡെ പറഞ്ഞു. ആരോഗ്യ നില കണക്കിലെടുത്ത് സഞ്ജയ് റാവത്തിനെ ആർതർ റോഡ് ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കണം. ഗൊരേഗാവിലെ പത്രചൗൾ പുനർനിർമ്മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് ഇ.ഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് സ്പെഷ്യൽ കോടതിക്ക് മുന്നിൽ ഹാജരാക്കിയത്.