ഇ.പി.എഫ് പെൻഷൻ:ഹാജർ നിബന്ധന പുന:പരിശോധിക്കാമെന്ന് കേന്ദ്രം
Tuesday 09 August 2022 12:37 AM IST
ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ലഭിക്കാൻ 3650 ദിവസത്തെ ഹാജർ വേണമെന്ന ഇ.പി.എഫ്.ഒ നിർദ്ദേശം പുനഃപരിശോധിക്കാമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദ്ര യാദവ് ലോക‌്സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് നൽകിയ മറുപടിയിൽ ഉറപ്പു നൽകി.
പത്ത് വർഷം സർവീസ് ഉളളവർക്ക് മിനിമം പെൻഷൻ ലഭിക്കാൻ അർഹതയുണ്ടായിരുന്നത് ഇ.പി.എഫ്.ഒ ദുർവ്യാഖ്യാനം ചെയ്‌തതാണെന്നും കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് അതു ബാധകമല്ലെന്ന് ഉത്തരവുണ്ടെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട് കശുവണ്ടി തൊഴിലാളികളുടെ പ്രശ്നം അറിയാമെന്നും കുറഞ്ഞ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കണമെന്നത് അടക്കം 8 ശുപാർശകൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.