മകനും മരുമകളും സഹോദരനും ചേർന്ന് വൃദ്ധനെ കെട്ടിയിട്ട് കൊന്നു

Tuesday 09 August 2022 12:40 AM IST

ഭുവനേശ്വർ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഭുവനേശ്വരിലെ ഒരു ഗ്രാമത്തിൽ അരങ്ങേറിയ സംഭവവികാസങ്ങൾ. വാക്കുതർക്കത്തിന്റെ പേരിൽ പട്ടാപ്പകൽ വൃദ്ധനെ മകനും മരുമകളും സഹോദരനും ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് അടിച്ച് കൊന്നു. ഭുവനേശ്വരിലെ കൊരാപുത് ജില്ലയിലാണ് സംഭവം.

കുർഷ മാനിയാക എന്ന വൃദ്ധനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കുർഷ മകന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് തകർത്തിരുന്നു. പിന്നാലെ കുർഷയും മകനും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് മകനും ഭാര്യയും കുർഷയുടെ സഹോദരനും ചേ‌ർന്ന് ഇയാളെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും മരത്തടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ വൃദ്ധൻ തത്ക്ഷണം മരിച്ചുവെന്നാണ് ദൃസാക്ഷികളുടെ മൊഴി. പിന്നീട് കുറ്റവാളികൾ ചില പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനം കണ്ട് ഗ്രാമത്തിലെ ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ മറ്റ് രണ്ടുപേർക്കായി തെരച്ചിൽ ആരംഭിച്ചു.