ഗൗതം മേനോൻ ഇക്കുറി ആരാധകരുടെ ക്ഷമ അധികം പരീക്ഷിച്ചില്ല; നയൻതാരയുടെ വിവാഹത്തിന്റെ പ്രമോ വീഡിയോ റിലീസായി, കാണാം 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍'

Tuesday 09 August 2022 3:50 PM IST

കാത്തിരിപ്പിനൊടുവിൽ നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രമോ വീഡിയോ നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കി. 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

നെറ്റ്ഫ്ലിക്‌സ് ഇന്ത്യ സൗത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലാണ് വീഡിയോ ഒരുങ്ങുന്നത്. ജൂണ്‍ ഒൻപതിനായിരുന്നു നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം.

നേരത്തെ വിവാഹ വീഡിയോയിൽ നിന്ന് നെറ്റ്ഫ്ലിക്‌സ് പിന്മാറുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ നയൻതാര-വിഗ്നേഷ് കല്യാണം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് നെറ്റ്‌ഫ്ലിക്‌സ് അറിയിക്കുകയായിരുന്നു. നയൻതാരയ‌്ക്കും വിഗ്നേഷ് ശിവനും നോട്ടീസ് അയച്ചുവെന്നത് അവാസ്തവമാണെന്നും നെറ്റ്ഫ്ലിക്‌സ് ഇന്ത്യ വ്യക്തമാക്കി.

'തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകൾ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്‌പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയൻതാര ഒരു സൂപ്പർതാരമാണ്. ഇരുപത് വർഷത്തോളമായി അവർ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമും സംവിധായകൻ ഗൗതം മേനോനും ചേർന്ന്, നയൻതാരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരിൽ ഉടനെയെത്തിക്കാൻ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും'- നെറ്റ്ഫിലിസ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു.

നയൻസ്- വിക്കി വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്‌ക്കാണ് നെറ്റ്‌ഫ്ളിക്‌സിന് നൽകിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.