അരിയെത്രെയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നു മറുപടി, റിയാസിന് അസഹിഷ്ണുതയെന്ന് വി ഡി സതീശൻ

Tuesday 09 August 2022 7:26 PM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് അദ്ദേഹം മറുപടി പറയുന്നതെന്നും സതീശൻ പറഞ്ഞു. റോഡുകളിലെ കുഴിയുമായി ചോദ്യങ്ങളെയും വിമർശനങ്ങളെയും റിയാസ് വ്യക്തിപരമായി എടുക്കുന്നു. റോഡിലെ കുഴി അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന്റെ മനസിലെ കുഴി അടയ്ക്കമണമെന്നാണ് മന്ത്രി പറയുന്നത്. തന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കാൻ പോകുന്നില്ല. പക്ഷേ റോഡിലെ കുഴി അപകടകരമാണ്, അത് അടയ്ക്കണമെന്നും സതീശൻ പറഞ്ഞു.

റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച്‌ ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് മന്ത്രി പറയുന്നത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതുകൊണ്ടാണ് റിയാസിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അദ്ദേഹം മന്ത്രിയല്ല വെറും മുഹമ്മദ് റിയാസ് മാത്രമായിരുന്നെങ്കില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.

മന്ത്രിയുടെ മറുപടികള്‍ക്ക് തന്റെ ചോദ്യവുമായി യാതൊരു ബന്ധവുമില്ല. അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് മറുപടികള്‍. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും തെറ്റുതിരുത്തുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. അതിനുപകരം തനിക്ക് ജയിലില്‍ പോയി പരിചയമില്ല, കൊതുകുകടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെ പറയുന്നത് എന്തിനാണ്. റോഡിലെ കുഴികളെക്കുറിച്ച് സംസാരിക്കാന്‍ ജയിലില്‍ പോകേണ്ട ആവശ്യമെന്താണ്. താന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്നുള്ള ആക്ഷേപം കൂടിയേ റിയാസ് ഇനി പറയാനുള്ളുവെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു

.പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് ഒരു മന്ത്രി മറുപടി പറയേണ്ട രീതി ഇതല്ല. പ്രതിപക്ഷം എന്തെങ്കിലും പറഞ്ഞാന്‍ അത് പ്രതിപക്ഷ നേതാവിനെതിരേയുള്ള വ്യക്തിപരമായ ആക്ഷേപമാക്കുന്നതില്‍ അര്‍ഥമില്ല. ഉപദേശിക്കാന്‍ പാടില്ല വിമര്‍ശിക്കാന്‍ പാടില്ലാ എന്നെല്ലാം പറയുന്നത് ശരിയല്ല. അസഹിഷ്ണുത കാരണം പരസ്പര വിരുദ്ധമായാണ് മന്ത്രി സംസാരിക്കുന്നത്. ഇനി മന്ത്രിയെന്ന നിലയില്‍ നന്നായി ജോലി ചെയ്താല്‍ താന്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
Advertisement