പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു, വീഡിയോ സമൂഹമാദ്ധ്യമങ്ങളിലിട്ടു, വ്ളോഗർ അറസ്‌റ്റിൽ

Tuesday 09 August 2022 7:28 PM IST

കൊച്ചി: കഞ്ചാവ് ഉപയോഗിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌ത വ്ളോഗർ എക്‌സൈസ് പിടിയിലായി. മട്ടാഞ്ചേരി സ്വദേശിയായ ഫ്രാൻസിസ് നെവിൻ അഗസ്‌റ്റിൻ(35)​ ആണ് പിടിയിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് അറസ്റ്റ് ചെയ്‌തത്. പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ വലിയ തോതിൽ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് എക്‌സൈസ് നടപടിയെടുത്തത്.

വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചവർ‌ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്നും രണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിക്കുകയും എല്ലാവരും ഉപയോഗിക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വീഡിയോയിൽ ഫ്രാൻസിസ് പെൺകുട്ടിയോട് ഗോ ഗ്രീൻ എന്നും കഞ്ചാവ് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. 24 മണിക്കൂറും താൻ കഞ്ചാവ് ഉപയോഗിക്കുമെന്നും നാട്ടിൽ വന്നിട്ട് ഒരുമിച്ചടിക്കാം എന്നും ഇയാൾ പെൺകുട്ടിയോട് പറയുന്നുണ്ട്.

കഞ്ചാവ് കൈവശം വച്ച് സുഹൃത്തിനൊപ്പം പോയപ്പോൾ പൊലീസ് പിടിച്ച് ജയിലിലായെന്നും പിതാവ് പുറത്തിറക്കിയെന്നും ഇപ്പോൾ സാധനം കിട്ടാനില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. എന്നാൽ ഫോർട്ട് കൊച്ചി വരെ വരാമോ അല്ലെങ്കിൽ കോതമംഗലത്ത് പോകാമോ എന്ന് ഫ്രാൻസിസ് നെവിൻ വീഡിയോയിൽ ചോദിക്കുന്നുണ്ട്.