ബിഹാറിന് പിന്നാലെ മഹാരാഷ്ട്രയിലും പൊല്ലാപ്പ്; റാത്തോഡിനെ മന്ത്രിയാക്കിയതിൽ ഷിൻഡേയോട് ഇടഞ്ഞ് ബി ജെ പി, സർക്കാരിനുള്ളിൽ അസ്വാരസ്യം
മുംബയ്: മഹാരാഷ്ട്ര എം എൽ എ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയതിൽ പ്രതിഷേധവുമായി ബി ജെ പി രംഗത്ത്. ഉദ്ദവ് താക്കറെ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്ന സഞ്ജയ് റാത്തോഡ്, ബി ജെ പിയുടെ പ്രതിഷേധത്തെ തുടർന്നാണ് രാജി വയ്ക്കുന്നത്. ബീഡ് സ്വദേശിയായ 23-കാരി പൂജാ ചവാന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രതിഷേധങ്ങളെ തുടർന്നായിരുന്നു സഞ്ജയ് റാത്തോഡ് രാജി വച്ചത്. റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെ തുടർന്ന് ബി ജെ പിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ ചിത്ര വാഗ് ആണ് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്.
മഹാരാഷ്ട്രയുടെ പുത്രിയായിരുന്നു പൂജാ ചവാനെന്നും അവരുടെ മരണത്തിൽ ആരോപണവിധേയനായ റാത്തോഡിനെതിരായ പോരാട്ടം ഇനിയും തുടരുമെന്ന് ചിത്ര വാഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് റാത്തോഡിനെതിരെ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയർത്തിയ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയിലേക്കാണ് റാത്തോഡ് വീണ്ടും എത്തുന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം.
അതേസമയം റാത്തോഡിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ സ്വീകരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തിൽ തന്നെ റാത്തോഡിനെ കുറ്റവിമുക്തനാക്കിയിരുന്നതായി ഷിൻഡേ പറഞ്ഞു. എതിർപ്പുള്ളവരുമായി ചർച്ചക്ക് തയ്യാറാണെന്ന് ഷിൻഡേ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഈ നിലപാട് ബി ജെ പിക്ക് അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. പൊതുവേ കുളമായി കിടക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തെ കലുഷിതമാക്കാൻ പുതിയ വിവാദങ്ങൾ കാരണമാകാനാണ് സാദ്ധ്യത കൂടുതൽ.