അടുക്കളയിൽ പാചകത്തിന് ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ,​ പതിയിരിക്കുന്നത് ഈ അപകടം,​ വ്യക്തമാക്കി പഠനം

Tuesday 09 August 2022 10:56 PM IST

മൺപാത്രങ്ങളും സ്റ്റീൽ അലുമിനീയം പാത്രങ്ങളിൽ നിന്നും മാറി ഇന്നത്തെ അടുക്കളകളിലേക്ക് നോൺ സ്റ്റിക്ക് പാത്രങ്ങൾ കടന്നുവന്നിട്ട് അധികമായില്ല. എണ്ണയുടെ ഉപയോഗം കുറയ്ക്കുകയും പാചകത്തിന് കൂടുതൽ ഉപയോഗപ്രദമാകുകയും ചെയ്യും എന്നതാണ് ഇവയെ പ്രിയപ്പെട്ടതാക്കിയത്. എന്നാൽ ഇത്തരം ചില പാത്രങ്ങളിലും വീട്ടുപകരണങ്ങളിലും ഉള്ള സിന്തറ്റിക്ക് രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത്തരം പാത്രങ്ങളിൽ സിന്തറ്റിക് രാസവസ്തുക്കളുടെ അംശമുള്ളത് കരൾ കാൻസർ വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ലോസ് ഏഞ്ചൽസ് സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിൽ പറയുന്നു.

ചില അടുക്കള പാത്രങ്ങളിലും ഭക്ഷണപ്പൊതികളിലും കാണപ്പെടുന്ന 'ഫോർ എവർ കെമിക്കൽസ്' ക്യാൻസറിനുള്ള സാദ്ധ്യത നാലിരട്ടിയായി വർദ്ധിപ്പിച്ചേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, നോൺ-സ്റ്റിക്ക് പാത്രങ്ങൾ മുതൽ വാട്ടർ ടാപ്പ് , വാട്ടർപ്രൂഫ് വസ്ത്രങ്ങൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഷാംപൂ എന്നിങ്ങനെ എല്ലായിടത്തും കെമിക്കൽസിന്റെ സാന്നിദ്ധ്യമുണ്ടെ്. പെർഫ്ലൂയോക്റ്റേൻ സൾഫേറ്റ് (പി.എഫ്.ഒ.എസ്), പോളിഫ്ലൂറോആൽക്കൈൽ (പി.എഫ്.എ.എസ്), എന്നിവയെ ആണ് ഫോർ എവർ കെമിക്കൽസ് എന്ന് പറയുന്നത്. പ്ലാസ്റ്റിക്ക് പോലെ,​ ശരീരത്തിലോ ഭൂമിയിലോ ഇവ കിടന്നാൽ നശിക്കാൻ ഒരുപാട് കാലം എടുക്കും എന്നതു കൊണ്ടാണ് ഇവയെ 'ഫോർ എവർ കെമിക്കൽസ്' എന്ന് വിളിക്കുന്നത്.

ഡെയ്‌ലി മെയിൽ റിപ്പോർട്ട് പ്രകാരം, ഫോർ എവർ കെമിക്കൽസ് ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തുന്നതിലൂടെ കരൾ കാൻസറായ നോൺ-വൈറൽ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ ഉണ്ടാകാനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കരൾ രോഗത്തിന്റെ ഏറ്റവും ഗുരുതരമായ അവസാന ഘട്ടങ്ങളിൽ ഒന്നാണ് കരൾ അർബുദം, പി എഫ് എ എസ് ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന മനുഷ്യരിലെ ആദ്യത്തെ പഠനമാണിത്, ഈ പഠനത്തിൽ ഗവേഷകർ കരൾ കാൻസർ ബാധിച്ച 50 പേരുടെയും അല്ലാത്ത 50 പേരുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു. രോഗനിർണയത്തിന് മുമ്പ് കാൻസർ രോഗികളുടെ രക്തസാമ്പിളുകൾ വിശകലനം ചെയ്യുകയും രോഗം ഒരിക്കലും വരാത്തവരുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഒടുവിൽ ക്യാൻസർ ബാധിച്ച ആളുകളുടെ രക്തത്തിൽ പലതരം രാസവസ്തുക്കൾ ഗവേഷകർ കണ്ടെത്തി.

പി.ഒ.എഫ്.എസ്, കരളിൽ പ്രവേശിക്കുമ്പോൾ മെറ്റബോളിസത്തിൽ മാറ്റം വരുത്തുകയും ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥ അനുഭവിക്കുന്ന ആളുകൾക്ക് കരൾ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

Advertisement
Advertisement