കോട്ടയം സ്വദേശി ബി. മണികണ്ഠൻ എയർ മാർഷൽ

Tuesday 09 August 2022 11:52 PM IST

കോട്ടയം: മലയാളിയായ എയർവൈസ് മാർഷൽ ബി. മണികണ്ഠന് ( 56 ) എയർമാർഷൽ ആയി സ്ഥാനക്കയറ്റം നൽകാൻ കേന്ദ്രപ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇപ്പോൾ ന്യൂഡൽഹി ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് ഉപമേധാവിയാണ്.

കോട്ടയം തിരുവാർപ്പ് 'രേവതി'യിൽ റിട്ട.അദ്ധ്യാപകൻ എം.ആർ. ബാലകൃഷ്‌ണപിള്ളയുടെയും പൂന്തോട്ടത്തിൽ പി.കെ. ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനാണ്. കഴക്കൂട്ടം സൈനിക് സ്‌കൂളിൽ 1983 ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. 36 വർഷത്തെ സേവനത്തിനിടെ ശ്രീലങ്കയിലെ എൽ.ടി.ടി.ഇ ഒാപ്പറേഷൻ, സിയാച്ചിനിലെ ഒാപ്പറേഷൻ മേഘദൂത് തുടങ്ങിയവയിൽ പങ്കെടുത്തിട്ടുണ്ട്. 2006ൽ വായുസേനാ മെഡലും 2017ൽ അതിവിശിഷ്‌ട സേനാ മെഡലും ലഭിച്ചു. സേനാ മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡോ. നിർമ്മലയാണ് ഭാര്യ. മക്കൾ: ആശ്രിത്, അഭിശ്രീ.

രേവതിയിൽ തിളങ്ങി സന്തോഷ നക്ഷത്രം!

'' രാത്രിയാണ് കുട്ടൻ വിളിച്ചു പറഞ്ഞത്. കണ്ണു നിറഞ്ഞു.'' അമ്മയുടെ വാക്കുകളിൽ സന്തോഷം. പത്രപരസ്യം കണ്ടാണ് പത്തു വയസുകാരൻ മണികണ്ഠനെ കഴക്കൂട്ടം സൈനിക സ്കൂളിൽ ചേർത്തത്. പൂനെ നാഷണൽ ഡിഫൻസ് അക്കാഡമിയിലായിരുന്നു തുടർപഠനം.

19-ാം വയസിൽ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി. കരയ്ക്കുള്ള ജോലി പോരെ കുട്ടാ എന്ന ചോദ്യത്തിന് റോഡിലൂടെ പോയാലും മരിക്കില്ലേ എന്ന മറുപടിക്ക് മുന്നിൽ അമ്മ മറുത്തൊന്നും പറഞ്ഞില്ല.

കഴിഞ്ഞ 10നാണ് നാട്ടിൽ വന്നത്. തിരുവാർപ്പ് ക്ഷേത്രോത്സവത്തിന് വരുമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.

Advertisement
Advertisement