ആദ്യം സൗജന്യമായി ലഹരി നൽകും, അടിമയായിക്കഴിഞ്ഞാൽ പീഡനം; ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ട പതിനൊന്ന് പെൺകുട്ടികളെ അറിയാമെന്ന് കണ്ണൂരിലെ ഒൻപതാം ക്ലാസുകാരി

Wednesday 10 August 2022 8:55 AM IST

കണ്ണൂർ: സഹപാഠി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഒൻപതാം ക്ലാസുകാരി. സഹപാഠി ലഹരിമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ട പതിനൊന്ന് പെൺകുട്ടികളെ തനിക്കറിയാമെന്നും, ഇനി മറ്റൊരാൾക്കും ഈ ഗതിയുണ്ടാകരുതെന്നും ഒൻപതാം ക്ലാസുകാരി പറഞ്ഞതായി ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

സഹപാഠി പ്രണയം നടിച്ച്, മാനസിക സമ്മർദം കുറയ്ക്കാമെന്ന് പറഞ്ഞ് എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കൾ ആദ്യം സൗജന്യമായി നൽകി. ലഹരിക്ക് അടിമയായിക്കഴിഞ്ഞാൽ പണത്തിനായി ശരീരം വിൽക്കാൻ പ്രോത്സാക്കിപ്പിക്കും. ഇതിനുസമ്മതിക്കാത്തവരെ മർദിക്കുമെന്നും പെൺകുട്ടി പറയുന്നു. പലതവണയാണ് പീഡിപ്പിക്കപ്പെട്ടതെന്നും കുട്ടി വ്യക്തമാക്കി.

ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായി. മാതാപിതാക്കളുടെ കരുതലിലാണ് കുട്ടി രക്ഷപ്പെട്ടത്. കൗൺസലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. മാതാപിതാക്കളുടെ പരാതിയിൽ കുട്ടിയുടെ സഹപാഠിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുവൈനൽ ഹോമിൽ നിന്ന് കുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. ഇവർക്ക് പിന്നിൽ വലിയ ലഹരി മാഫിയകളാണെന്ന് കുടുംബം ആരോപിച്ചു.