വീട്ടിൽ കൂടുണ്ടാക്കി പാമ്പിനെ വളർത്തിയയാൾ പിടിയിൽ, ഷഫീർ പദ്ധതിയിട്ടത്  വളർത്തി വലുതാക്കി വിൽക്കാൻ

Wednesday 10 August 2022 9:48 AM IST

പാലോട്: വീടിന് സമീപമുള്ള കമ്പോസ്റ്റ് ടാങ്കിൽ വളർത്തിയ ഇരുതലമൂരിയുമായി തെന്നൂർ കൊച്ചു കരിക്കകം ഹിദായത്ത് ഹൗസിൽ ഷഫീർ ഖാനെ (33) പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി. ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഇരുതലമൂരിയെ വളർത്തി വലുതാക്കി തമിഴ്നാട്ടിൽ വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതി. ആന്ധ്രയിൽ നിന്ന് കടയ്ക്കൽ സ്വദേശിക്കാണ് ഇരുതലമൂലിയെ ആദ്യം കിട്ടിയത്. ഇയാളിൽ നിന്ന് 10000 രൂപയ്ക്ക് ഷഫീർ ഖാനും സുഹൃത്തുക്കളായ കൊച്ചു കരിക്കകം ടി.പി ഹൗസിൽ ഷാംജീർ, തെന്നൂർ സൂര്യകാന്തി തടത്തരികത്ത് വീട്ടിൽ ഷാൻ, തെന്നൂർ അൻസിയാ മൻസിലിൽ അൻസിൽ എന്നിവർ ചേർന്ന് വാങ്ങി. ഷഫീർഖാന്റെ വീട്ടിൽ കൂടുണ്ടാക്കി പാമ്പിനെ വളർത്തി വലുതാക്കി വില്പന നടത്താനായിരുന്നു ഇവരുടെ ശ്രമം.

പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.രമ്യയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു.എസ്.വി.നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വിജു, അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.ടി.ധന്യ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ഷഫീർഖാനെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.