ഞാനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നത്; എക്‌സൈസ് ഓഫീസിൽ കഞ്ചാവിന്റെ ഗുണങ്ങൾ വിവരിച്ച് വ്ളോഗർ, മരണം വരെ ഉപയോഗിക്കുമെന്നും പ്രതി

Wednesday 10 August 2022 10:46 AM IST

കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥരോട് കഞ്ചാവിന്റെ ഗുണങ്ങൾ വിവരിച്ച് വ്‌ളോഗറും മട്ടാഞ്ചേരി സ്വദേശിയുമായ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ. മട്ടാഞ്ചേരി എക്‌സൈസ് ഓഫീസിൽ വച്ചായിരുന്നു കഞ്ചാവ് ലഹരിയിലായിരുന്ന പ്രതിയുടെ പ്രകടനം. താനൊരു രോഗിയാണെന്നും അതുകൊണ്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നും പ്രതി പറഞ്ഞു.

ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറയുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ല. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണ്. എല്ലാ രോ​ഗങ്ങൾക്കുള്ള മരുന്നാണെന്നും മരണം വരെ ഉപയോഗിക്കുമെന്നും പ്രതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇന്നലെയാണ് നെവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസിന്റെ പരിശോധനയിൽ നെവിന്റെ വീട്ടിൽ നിന്നും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.