നിതീഷിനെ മനസുമാറ്റിച്ച് തങ്ങളുടെ വരുതിയിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞത് കൗശലക്കാരിയായ ഒരു വനിതയാണ്, നീക്കങ്ങളെല്ലാം അവരുടെ വീട്ടിലായിരുന്നു

Wednesday 10 August 2022 10:53 AM IST

പാട്‌ന: രാഷ്‌ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളും ശത്രുക്കളും ഇല്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന ചാണക്യനാണ് ബീഹാർ മുഖ്യമന്ത്രിയും ഐക്യദൾ നേതാവുമായ നിതീഷ് കുമാർ (71)​. ഇരുപത് വർഷങ്ങൾക്കിടെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പാളയങ്ങൾ മാറിയും രാജിവച്ചും അല്ലാതെയും ഏഴ് തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ബീഹാറിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച ഭരണാധികാരിയുമാണ് അദ്ദേഹം. ഐക്യ ജനതാ ദൾ പാർട്ടിയുടെ അനിഷേദ്ധ്യ നേതാവുമായി.

വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നിലായിരുന്ന ബീഹാറിൽ ഒരു ലക്ഷം സ്‌കൂൾ അദ്ധ്യാപകരെയാണ് നിതീഷ് കുമാർ തന്റെ ഭരണകാലത്ത് നിയമിച്ചത്. ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതും സംസ്ഥാനത്താകെ നല്ല റോഡുകൾ നിർമ്മിച്ചതും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെ നിയമിച്ചതും സ്ത്രീ സാക്ഷരത ഇരട്ടിയാക്കിയതും ഗുണ്ടകളെയും കുറ്റവാളികളെയും അമ‌ർച്ച ചെയ്‌ത് ക്രമസമാധാനം പുനഃസ്ഥാപിച്ചതും ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കിയതും ചാരായം നിരോധിച്ചതും ഉൾപ്പെടെ നിതീഷ് കുമാറിന്റെ ഭരണനേട്ടങ്ങൾ നിരവധിയാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചാട്ടങ്ങൾക്കൊപ്പം ജനങ്ങൾ നിൽക്കാൻ കാരണവും. ആറ് തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ രണ്ട് തവണ കേന്ദ്ര മന്ത്രിയുമായിരുന്നു.

1951 മാർച്ച് 1ന് ബീഹാറിലെ ഭക്തിയാർപൂരിലാണ് നിതീഷ് കുമാറിന്റെ ജനനം. കർഷക സമുദായമായ കുർമി വിഭാഗക്കാരനാണ്. പിതാവ് കവിരാജ് രാം ലഖൻ ആയുർവേദ വൈദ്യനായിരുന്നു. അമ്മ പരമേശ്വരി ദേവി. 1972ൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. ബീഹാർ വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായി. ഭാര്യ മഞ്ജു കുമാരി സിൻഹ 2007ൽ മരിച്ചു. ഒരു മകനുണ്ട് - നിശാന്ത് കുമാർ.

രാഷ്‌ട്രീയം

സോഷ്യലിസ്റ്റ് നേതാവായിരുന്ന റാം മനോഹർ ലോഹ്യയുടെ ശിഷ്യനാണ് നിതീഷ് കുമാർ. 1973 - 77ൽ ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. പിന്നീട് ജനതാ പാർട്ടിയിൽ ചേർന്നു. 1985ൽ ഹർനൗത്ത് നിയമസഭാ മണ്ഡലത്തിൽ കന്നി മത്സരത്തിൽ ജയിച്ചു. പിന്നീട് ഐക്യജനതാ ദൾ സ്ഥാപിച്ചു. 1996ൽ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നിതീഷ് കുമാർ 13 പാർട്ടികൾ ചേർന്ന ഐക്യമുന്നണി സർക്കാരിൽ റെയിൽവേ മന്ത്രിയായി. അതോടെ ദേശീയ നേതാവിന്റെ പരിവേഷമായി. കോൺഗ്രസ് പുറത്തുനിന്നുള്ള പിന്തുണ പിൻവലിച്ചതോടെ ഐക്യമുന്നണി സർക്കാർ തകർന്നു. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറും ഐക്യദളും ബി. ജെ. പി പാളയത്തിലേക്ക് പോയി. വാജ്പേയി സ‌ർക്കാരിൽ റെയിൽവേ മന്ത്രിയായി. ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിംഗും തത്കാലും നൂറുകണക്കിന് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളും അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളാണ്.1999ൽ ബംഗാളിലെ ഗയ്സാൽ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ചു. അക്കൊല്ലം തന്നെ കൃഷിമന്ത്രിയായി കേന്ദ്രമന്ത്രി സഭയിൽ തിരിച്ചെത്തി. 2004ൽ വീണ്ടും ലോക്സഭാംഗമായി.

2000 മാർച്ച് 3നാണ് ആദ്യം ബീഹാർ മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രി വാജ്പേയിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത്. 324അംഗ നിയമസഭയിൽ എൻ. ഡി. എക്ക് 151 അംഗങ്ങളായിരുന്നു. ലാലുപ്രസാദ് യാദവിന്റെ ആർ. -ജെ. ഡിക്ക് 159 അംഗങ്ങളും ഉണ്ടായിരുന്നു. ഇരുപക്ഷത്തിനും ഭൂരിപക്ഷം ( 163 )​ ഇല്ലായിരുന്നു. സഭയിൽ ഭൂരിപക്ഷം തെളിയിക്കും മുമ്പ് മാർച്ച് 10ന് നിതീഷ് രാജിവച്ചു. തുടർന്ന് 2005 - 2010,​ 2010 - 2014 കാലയളവിലും മുഖ്യമന്ത്രിയായി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐക്യദളിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ചു. പകരം ജിതൻ റാം മഞ്ജിയെ മുഖ്യമന്ത്രിയാക്കി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നിതീഷ് വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുത്തു. അപ്പോഴേക്കും ബി. ജെ. പിയുമായുള്ള ബന്ധം വിട്ടിരുന്നു. ബി. ജെ. പിക്കെതിരെ നിതീഷിന്റെ ഐക്യദളും കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെടുന്ന മഹാസഖ്യം വിജയം നേടി. 80 സീറ്റുമായി ആർ.ജെ.ഡി വലിയകക്ഷിയായെങ്കിലും 71 സീറ്റ് നേടിയ ഐക്യദളിന്റെ നിതീഷ് കുമാർ തന്നെയാണ് മുഖ്യമന്ത്രിയായത്. ആ പദവിയിൽ അഞ്ചാം ടേം. ആർ. ജെ. ഡിയുടെ യുവ നേതാവും ലാലുപ്രസാദ് യാദവിന്റെ പുത്രനുമായ തേജസ്വ യാദവ് ഉപമുഖ്യമന്ത്രിയുമായി. ഇന്നലെ നിതീഷിന്റെ ഏറ്റവും പുതിയ രാഷ്‌ട്രീയ നാടകത്തിലും തേജസ്വിയാണ് സഹനടൻ.

അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ നിതീഷ് കുമാർ തേജസ്വിയുടെ രാജി ആവശ്യപ്പെട്ടു. ആ. ജെ. ഡി വിസമ്മതിച്ചതോടെ നിതീഷ് കുമാർ 2017 ജൂലായ് 26ന് രാജിവച്ചു. അതോടെ മഹാസഖ്യത്തിന്റെ കഥ കഴിഞ്ഞു. പ്രതിപക്ഷമായ എൻ. ഡി. എ പാളയത്തിലേക്ക് കാലുമാറിയ നിതീഷ് മണിക്കൂറുകൾക്കുള്ളിൽ ആറാംതവണയും മുഖ്യമന്ത്രിയായി.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ. ഡി. എയുടെ ഭാഗമായി മത്സരിച്ച് ജയിച്ചാണ് നിതീഷ് ഏഴാം തവണയും മുഖ്യമന്ത്രിയായത്. രണ്ട് വർഷം ആയപ്പോഴേക്കും നിതീഷ് പുതിയ മേച്ചിൽപ്പുറം തേടി എൻ. ഡി. എ ഉപേക്ഷിച്ച് തേജസ്വിയാദവുമായി കൈകോർത്തിരിക്കയാണ്.

പടനയിക്കാൻ തേജസ്വി

ബീഹാർ രാഷ്‌ട്രീയത്തിലും ദേശീയ രാഷ്‌ട്രീയത്തിലും നിതീഷ് കുമാറിനെ പോലെ വലിയ കളികൾ കളിച്ച ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ രാഷ്‌ട്രീയത്തിന്റെ നേരവകാശിയാണ് പുത്രനായ തേജസ്വി യാദവ്. 31വയസിനുള്ളിൽ ബീഹാറിൽ പ്രതിപക്ഷ നേതാവും രണ്ടു തവണ ഉപമുഖ്യമന്ത്രിയുമായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായിരുന്നു. ബീഹാറിലെ ഏറ്റവും വലിയ കക്ഷിയായ ആർ.ജെ.ഡിയെ നയിക്കുന്ന തേജസ്വി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്നു.

2015ൽ രാഘവ്പൂർ മണ്ഡലത്തിലാണ് ആദ്യം നിയമസഭയിലേക്ക് ജയിച്ചത്. 26ാം വയസിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായിരുന്നു.1989 നവംബർ 9ന് ബീഹാറിലെ ഗോപാൽഗഞ്ചിലാണ് ജനനം. ലാലുവിന്റെ പിൻഗാമിയായി മുഖ്യമന്ത്രിയായ റാബ്‌റി ദേവിയാണ് അമ്മ. അവരുടെ ഒൻപത് മക്കളിൽ ഇളയ ആളാണ് തേജസ്വി. ഹരിയാന സ്വദേശി റേച്ചൽ ഗോഡിഞോ ( രാജശ്രീ യാദവ് ) ആണ് ഭാര്യ. ഡൽഹിയിലായിരുന്നു തേജസ്വിയുടെ സ്‌കൂൾ വിദ്യാഭ്യാസം. സ്കൂൾ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഡൽഹി അണ്ടർ 15 ടീമിലും അംഗമായി. പത്താം ക്ലാസിൽ പഠിത്തം നിറുത്തി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിച്ചു. ഡൽഹി അണ്ടർ 17,​ അണ്ടർ 19 ടീമുകളിലും ലോകകപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിന്റെ സ്റ്റാൻഡ് ബൈ ലിസ്റ്റിലും ഉൾപ്പെട്ടു. വിജയ് ഹസാരെ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. പ്രൊഫഷണൽ ക്രിക്കറ്റ് താരമായി. ഡൽഹി ഡെയർ ഡെവിൾസ് ഐ. പി. എൽ ടീമിലും ജാർക്കണ്ട് സംസ്ഥാന ടീമിലും അംഗമായിരുന്നു. 2013ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അതിന് മുമ്പ് 2010ൽ പിതാവിന്റെ ആർ.ജെ.ഡിക്ക് വേണ്ടി പ്രചാരണം നടത്തി രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. ആർ.ജെ.ഡിയുടെ പ്രചാരണത്തിന് ഡിജിറ്റൽ മുഖം നൽകിയത് തേജസ്വിയാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെയും നിതീഷിന്റെ ഐക്യദളിന്റെയും പ്രകടനം മോശമായപ്പോൾ ഇരു പാർട്ടികളും തമ്മിൽ സഖ്യമുണ്ടാക്കാൻ മുൻകൈ എടുത്തു. അതാണ് പിന്നീട് കോൺഗ്രസിനെയും ചേർത്തുണ്ടാക്കിയ മഹാസഖ്യം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജയിച്ച തേജസ്വി,​ നിതീഷ് കുമാ‌‌ർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. പൊതുമരാമത്ത്,​ വനം തുടങ്ങിയ വകുപ്പകൾ ഭരിച്ചു. ലാലുപ്രസാദ് യാദവിനെതിരായ 2004ലെ റെയിൽവേ കാറ്ററിംഗ് അഴിമതിക്കേസിൽ 2017ൽ സി. ബി. ഐ തേജസ്വി ഉൾപ്പെടെ ലാലു കുടുംബത്തിനെതിരെ കേസെടുത്തു. ഇ.ഡി അന്വേഷണവും തുടങ്ങി. നിതീഷ് തേജസ്വിയുടെ രാജി ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. അതോടെ നിതീഷ് സഖ്യത്തിൽ നിന്ന് പിന്മാറി ബി.ജെ.പിക്കൊപ്പം പുതിയ സർക്കാരുണ്ടാക്കി. തേജസ്വി പ്രതിപക്ഷ നേതാവായി.

തന്ത്രങ്ങൾ മെനഞ്ഞത് റാബ്രിയുടെ വീട്ടിൽ

ആർ.ജെ.ഡി മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ ഭാര്യയുമായ റാബ്രി ദേവിയുടെ വസതി കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ രാഷ്ട്രീയ നീക്കങ്ങൾ. പുതിയ സഖ്യകക്ഷികൾ ഇവിടെ യോഗം ചേർന്നാണ് പിന്തുണക്കത്തിൽ ഒപ്പിട്ട് നിതീഷിന് കൈമാറിയത്. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ തേജസ്വി യാദവുമൊത്താണ് നിതീഷ് കുമാർ രാജ് ഭവനിലെത്തി ഗവർണർ ഭാഗു ചൗഹാനെ കണ്ടത്.

അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിയിൽ കോർ കമ്മിറ്റി യോഗം ചേർന്നു.

മുതിർന്ന നേതാക്കളായ സുശീൽ കുമാർ മോഡി, രവിശങ്കർ പ്രസാദ് തുടങ്ങിയവർ പാട്‌‌നയിലെത്തി. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായി മാറിയത് അവസരമായി കണ്ട് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനും അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനുമാണ് ബി.ജെ.പി ആലോചിക്കുന്നത്.ലോക് സഭയിലേക്ക് നാല്പത് സീറ്റുകളുണ്ട്.പുതിയ മുന്നണിയെ പിളർത്തി അധികാരം പിടിക്കാനുള്ള ശ്രമം ഉണ്ടാവില്ല.

Advertisement
Advertisement