കാര്യങ്ങൾ പഠിച്ചശേഷം മാത്രമേ ഒപ്പിടൂ, ആരുടെയും നിയന്ത്രണത്തിലല്ല; ഓ‌ർഡിനൻസ് വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

Wednesday 10 August 2022 10:56 AM IST

ന്യൂഡൽഹി: ഓർഡിനൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടിൽ ഉറച്ചുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശദമായി പഠിച്ചശേഷം മാത്രമേ ഒപ്പിടുകയുള്ളൂവെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ആരുടെയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമർശനമാകാം. എന്നാൽ സ്വയം ബോദ്ധ്യപ്പെട്ടതിന് ശേഷമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡ‌ിനൻസ് ഇറക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ കൂടിയപ്പോൾ എന്തുകൊണ്ട് ഓ‌‌ർഡിനൻസുകൾ അവതരിപ്പിച്ചില്ല. ഇക്കാര്യങ്ങൾ കൂടി പഠിച്ചതിന് ശേഷമേ ഒപ്പിടുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് ഗവർണർ പറഞ്ഞു.

അതേസമയം, ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള പതിനൊന്ന് ഓർഡിനൻസുകൾ കഴിഞ്ഞ ദിവസം അസാധുവായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഗവർണറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് ഓർഡിനൻസുകൾ കാലാവധി അവസാനിച്ച് പാഴായത്.

പിന്നാലെ ഗവർണറെ രൂക്ഷമായി വിമർശിച്ച് സി പി ഐ മുഖപത്രം ജനയുഗം രംഗത്തുവന്നിരിക്കുകയാണ്. ഗവർണർ പദവി പാഴാണെന്നും ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് മുഖപ്രസംഗത്തിൽ വിമർശിക്കുന്നത്. കേരളത്തിൽ ബി ജെ പി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ ആരിഫ് മുഹമ്മദ് ഖാൻ നികത്തുകയാണെന്നും, ഇതിനായി രാജ്ഭവനെയും ഗവർണർ പദവിയേയും ഉപയോഗിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

Advertisement
Advertisement