കൊവിഡിന് ശേഷം ലാംഗ്യ, ചൈനയെ വിറപ്പിച്ച് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന പുതിയ രോഗം, രണ്ട് പ്രവിശ്യകളിൽ അതീവ ജാഗ്രത

Wednesday 10 August 2022 11:01 AM IST

ബീജിംഗ് : കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ പുതിയ വൈറസ് കണ്ടെത്തി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ചൈനയിൽ ഇതിനകം 35 പേർക്ക് ബാധിച്ചതായാണ് കണ്ടെത്തിയത്. തായ്വാനിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ നൽകുന്ന വിവരമനുസരിച്ച് കിഴക്കൻ ചൈനയിലെ രണ്ട് പ്രവിശ്യകളിൽ രോഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട്. ഷാൻഡോംഗ്, ഹെനാൻ എന്നിവിടങ്ങളിലാണിവ. ഈ സ്ഥലങ്ങളിൽ കർശനമായ നിയന്ത്രണങ്ങളാണ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ലാംഗ്യ ഹെനിപാവൈറസ് എന്നാണ് മാരക രോഗ ശേഷിയുള്ള വൈറസിനെ വിളിക്കുന്നത്. ഇതാദ്യമായാണ് മനുഷ്യരിൽ ലാംഗ്യ വൈറസ് കണ്ടെത്തുന്നത്.

ഹെനിപാവൈറസ് കുടുംബത്തിൽ പെട്ട വൈറസ് ബ്രിസ്‌ബേൻ നഗരപ്രാന്തത്തിലാണ് ആദ്യം കണ്ടെത്തിയത്. ഗുരുതരമായ അണുബാധയ്ക്ക് കാരണമായേക്കാവുന്ന ഹെനിപാവൈറസിനെ ബയോ സേഫ്റ്റി ലെവൽ നാലിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ളത്. മരണനിരക്ക് 40 മുതൽ 75 ശതമാനം വരെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചൈനയിൽ രോഗംബാധിച്ചവരിൽ ആരും മരണപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. വൈറസ് ബാധിച്ചവരുടെ അവസ്ഥ ഗുരുതരമല്ലെങ്കിലും രോഗത്തിന് വാക്സിൻ ലഭ്യമല്ലാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. സസ്തനികളായ മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പനി ബാധിച്ച് ചികിത്സ തേടിയവരിൽ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.


പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശി വേദന, ഓക്കാനം, തലവേദന, ഛർദ്ദി എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ചൈനയ്ക്ക് പുറത്ത് ഇതുവരെയും ലാംഗ്യ വൈറസ് കണ്ടെത്തിയതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement
Advertisement