അമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്ന അച്ഛനെ തലയ്ക്കടിച്ച് കൊന്നു; 16കാരൻ പിടിയിൽ

Wednesday 10 August 2022 11:34 AM IST

മൈസൂരു: അമ്മയെ നിരന്തരം ശാരീരികോപദ്രവം ചെയ്‌തിരുന്ന അച്ഛനെ 16കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ ബൃന്ദാവൻ ലേഔട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഏജന്റായ സമ്പത്ത് കുമാർ(60) ആണ് കൊല്ലപ്പെട്ടത്. സമ്പത്തിന്റെ ഭാര്യ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രതി സമ്പത്തിന്റെ തലയ്ക്കടിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചു. പതിനഞ്ച് ദിവസത്തോളം നടത്തിയ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. കൊലപ്പെടുത്തിയ ശേഷം അജ്ഞാതനായ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയെന്ന് പ്രതി അയല്‍ക്കാരെ അറിയിച്ചു. ഇക്കാര്യം വിശ്വസിച്ച അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ മകനാണെന്ന് കണ്ടെത്തിയത്.