ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശക്,​ പാർട്ടി നിലപാടിനോട് യോജിക്കുന്നു,​ വിശദീകരണം നൽകിയെന്ന് കോഴിക്കോട് മേയർ

Wednesday 10 August 2022 9:01 PM IST

തിരുവനന്തപുരം: ബാലഗോകുിലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ സി.പി.എം നേതൃത്വത്തിന് വിശദീകരണം നൽകിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുത്തത് തന്റെ പിശകാണെന്ന് ബീന ഫിലിപ്പ് പറഞ്ഞു. പാർട്ടിക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. തിരുവനന്തപുരത്ത് വന്നത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ്. പാർട്ടി നേതൃത്വം വിളിപ്പിച്ചതല്ലെന്നും ബീന ഫിലിപ്പ് വിശദീകരിച്ചു. പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും മേയർ പറഞ്ഞു.

ആർ.എസ്.എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ മേയർ പങ്കെടുത്തതും പ്രസംഗത്തിലെ പരാമർശങ്ങളും വിവാദമായിരുന്നു. പിന്നാലെ മേയർ നടത്തിയ വിശദീകരണവും പാർട്ടിക്കകത്ത് കടുത്ത അമർഷം ഉണ്ടാക്കിയിരുന്നു,​ ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം.

മേയർക്കെതിരെ പാർട്ടി നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാകമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.