അന്നമനട പാലിശ്ശേരിയിൽ ചുഴലിക്കാറ്റ്

Thursday 11 August 2022 12:00 AM IST

മാള: ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ മാള മേഖലയിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. ഇലക്ട്രിക് പോസ്റ്റുകൾ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. പല വീടുകളുടെയും മുകളിലെ ഷീറ്റ് ഇളകിപ്പോയി. വ്യാപകമായി കൃഷി നശിച്ചു.

അന്നമനട പഞ്ചായത്തിലെ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ പാലിശ്ശേരി, എരയാംകുടി പ്രദേശങ്ങളിലാണ് പുലർച്ചെ 5.15 മുതൽ 5.25 വരെ ചുഴലിക്കാറ്റ് വീശിയത്. പ്രളയത്തിന്റെ ഭീതിയിലായിരുന്ന ഈ പ്രദേശത്ത് രണ്ടരമാസം മുൻപും ചുഴലിക്കാറ്റ് വീശിയിരുന്നു. ജാതിമരങ്ങൾ, വാഴ, തെങ്ങ്, തേക്ക് എന്നിവയടക്കം കടപുഴകി വീണു. പന്ത്രണ്ടാം വാർഡിലെ ചെമ്മാമ്പിള്ളി സുഭദ്രയുടെ (75) ഓട് വീടിന് മുകളിൽ ജാതി വീണ് വീട് ഭാഗികമായി തകർന്നു. ഇവരുടെ വളപ്പിലെ മുഴുവൻ ജാതികളും കടപുഴകി. ചെമ്മാപ്പിള്ളി അശോകന്റെ വീടിനും കേടുപറ്റി. രാജു പറന്തനാട്, ദേവസി പഞ്ഞിക്കാരൻ, ദേവരാജൻ ഒറവൻതുരുത്തി എന്നിവരുടെ വാഴകളും ജാതികളും കടപുഴകി വീണു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി.

തകർന്ന പ്രദേശങ്ങൾ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, 12ാം വാർഡ് മെമ്പർ മഞ്ജു സതീശൻ, 11ാം വാർഡ് മെമ്പർ ബൈജു, ചാലക്കുടി തഹസിൽദാർ, കല്ലൂർ തെക്കുംമുറി വില്ലേജ് ഓഫീസർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ സന്ദർശിച്ചു.

Advertisement
Advertisement