രാജ്യം വിട്ട കുറ്റവാളികളോട് നാം ചെയ്യേണ്ടത്

Thursday 11 August 2022 12:00 AM IST

അൽക്വ ഇദ നേതാവായിരുന്ന അയ്മൻ അൽ സാവാഹിരി കുറച്ച് ദിവസം മുൻപ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടല്ലോ. പതിനൊന്ന് വർഷങ്ങൾക്ക് മുൻപും ഇതുപോലെ ഒരാക്രമണത്തിൽ അപ്പോഴത്തെ നേതാവായിരുന്ന ഒസാമ ബിൻ ലാദനെയും പാകിസ്താനിലെ അബോട്ടാബാദിൽ വെച്ചു അമേരിക്കൻ സൈന്യം വധിച്ചിരുന്നു. ഈ രണ്ട് നേതാക്കന്മാരും 2001 സെപ്‌തംബർ ഒൻപതിന് അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ ഇരട്ട ടവറുകൾ വിമാനം ഉപയോഗിച്ച് ആക്രമിച്ച് 3000 പേരുടെ മരണത്തിന് കാരണക്കാരായവരാണ്. അൽക്വ ഇദ സംഘങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളായ യമൻ, ടാൻസാനിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ആളുകളെ വധിക്കാൻ നിരവധി പദ്ധതികൾ തയ്യാറാക്കിയിരുന്നു. അതിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ചെയ്തിരുന്നു.

അമേരിക്കയ്‌ക്ക് എതിരായി എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടത്തിയാൽ, എത്ര വലിയ കുറ്റവാളികളാണെങ്കിലും ലോകത്തിലെവിടെ നിന്നായാലും അവരെ പിടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് അമേരിക്ക ധരിക്കുന്നു. ഈ വിചാരം കൊണ്ടാണ് 2001 മുതൽ 2008 വരെ യൂറോപ്പിലെ പതിനാറു രാജ്യങ്ങളിൽ നിന്ന് അമേരിക്കയുടെ പ്രത്യേക അന്വേഷണ ക്യാമ്പ് മുഖേന തീവ്രവാദികളെ പിടികൂടിയതും Water boarding പോലുള്ള പ്രത്യേക രീതികൾ ഉപയോഗിച്ച് പോലും അവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതും.

ഇതെല്ലാം ചെയ്തത് രാജ്യത്തിന്റെയും തങ്ങളുടെ പൗരന്മാരുടെയും നന്മയ്‌ക്ക് വേണ്ടിയാണെന്നാണ് അമേരിക്ക പറയുന്നത്. 2001 മുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഉയർന്നു വന്നിരുന്നു. ആ സമയങ്ങളിൽ സാങ്കേതികവിദ്യയുടെ കാര്യത്തിൽ വളരെ മെച്ചപ്പെട്ട അവസ്ഥയിലായിരുന്ന അമേരിക്ക അവരുടെ ആയുധങ്ങൾ ഉപയോഗിച്ച് തീവ്രവാദികളുടെ നീക്കങ്ങൾ അടിച്ചമർത്തി.

അന്താരാഷ്ട്ര നിയമങ്ങൾ നോക്കുമ്പോൾ, കുറ്റവാളികൾ കുറ്റകൃത്യം നടത്തിയ ശേഷം രാജ്യം വിട്ടാൽ അവരെ തിരികെ കൊണ്ടുവരാൻ രാജ്യങ്ങൾക്ക് തമ്മിൽ ഒരു കൈമാറൽ ഉടമ്പടി ആവശ്യമാണ്. ഒരുപക്ഷേ ഇതുണ്ടായാൽക്കൂടി വർഷങ്ങളോളം വിചാരണ നടപടി നീണ്ടുപോവുകയും ചെയ്യും. ഒന്നോ രണ്ടോ കേസുകളിൽ അല്ലാതെ ഭീകരവാദികളെ തിരികെ കൊണ്ടുവരാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ ബാങ്കുകളെ കബളിപ്പിച്ച് സാമ്പത്തിക തിരിമറികൾ നടത്തിയ നിരവധി കുറ്റവാളികൾ ഇപ്പോഴും പല രാജ്യങ്ങളിലായി കഴിയുകയാണ്. പല പ്രസിദ്ധ വക്കീലന്മാരും അവർക്കൊപ്പം നിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള ആളുകളെ കുടുക്കാൻ അമേരിക്കയെപ്പോലെ ചിന്തിക്കേണ്ടത് ആവശ്യമാണ്.

ഇന്ത്യയിലെ കൊടുംഭീകന്മാരെയും സാമ്പത്തിക തിരിമറി നടത്തി രാജ്യം വിട്ട കുറ്റവാളികളെയും കണ്ടുപിടിച്ച് ഇന്ത്യയിലെത്തിച്ച് അർഹമായ ശിക്ഷ നൽകേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

Advertisement
Advertisement