ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ ജില്ലകളിലെ ഫയൽ അദാലത്ത്

Thursday 11 August 2022 12:40 AM IST

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ ജില്ലകളുമായി ബന്ധപ്പെട്ട ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കാൻ പ്രത്യേക അദാലത്തിന് തുടക്കമായി. ഓഗസ്റ്റ് 30 വരെ അദാലത്ത് നടക്കും. കണ്ണൂർ ജില്ലയിലെ ഫയലുകൾ തീപ്പാക്കി ലാൻഡ് റവന്യൂ കമ്മിഷണർ ഇൻ ചാർജ് അർജ്ജുൻ പാണ്ഡ്യൻ അദാലത്ത് ഉദ്ഘാടനം ചെയ്‌തു. ജില്ലയിലെ 300ലേറെ ഫയലുകളാണ് പരിഗണിച്ചത്.
അദാലത്ത് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കമ്മിഷണർ (ഡി.എം) ബീന പി.ആനന്ദ്, സീനിയർ ഫിനാൻസ് ഓഫീസർ അജി ഫ്രാൻസിസ് കൊള്ളന്നൂർ, അസിസ്റ്റന്റ് കമ്മിഷണർ (ആർ.ഇ) സി.എസ്. അനിൽ, അസിസ്റ്റന്റ് കമ്മിഷണർ (എൽ.ആർ.) വി.എസ്.ബിനു എന്നിവർ പങ്കെടുത്തു.

ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.

ഭൂമി പതിവ്, വകുപ്പുകളുടെ ഭൂമി കൈമാറ്റം, ആർ.ഡി.ഒ തലത്തിൽ തീരുമാനമാവാത്ത പട്ടയം കേസുകൾ, ദീർഘകാല പാട്ടം കേസുകൾ തുടങ്ങിയ പരാതികളിൽ തീർപ്പുണ്ടാക്കാൻ കളക്ടറേറ്റുകളിൽ നിന്ന് അയച്ച ഫയലുകളാണിവ. സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് പട്ടയം നൽകേണ്ട ഫയലുകളുമുണ്ട്.

Advertisement
Advertisement