ഇ പി എഫ് ഒ റിപ്പോർട്ട് ഊതി വീർപ്പിച്ചതെന്ന് ആക്ഷേപം

Thursday 11 August 2022 12:42 AM IST

ന്യൂഡൽഹി:ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകുന്നതിനെതിരായ ഇ.പി.എഫ്.ഒയുടെ ഹർജിയിൽ ഇന്നലെ സുപ്രീം കോടതി ജീവനക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന്റെ വാദം കേട്ടു. കോടതിയിൽ ഇ.പി.എഫ്.ഒ സമർപ്പിച്ച റിപ്പോർട്ട് ഊതി വീർപ്പിച്ചതും അസംബന്ധവുമാണെന്ന് അദ്ദേഹം വാദിച്ചു.

ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിക്കരുത്. പെൻഷൻ പദ്ധതി നിയമപ്രകാരം ഈ കണക്കുകളെല്ലാം സി.എ.ജി ആഡിറ്റ് ചെയ്യാതെയാണ് ഹാജരാക്കിയത്. ഉയർന്ന പെൻഷൻ നൽകുന്നതിനായി ആർ.പി ഗുപ്ത കേസിലെ വിധി നടപ്പാക്കാക്കുന്നതിനെ ഇപ്പോൾ ഇ.പി.എഫ്.ഒ എതിർക്കുകയാണ്. എന്നാൽ ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മുമ്പ് ഇതിനനുകൂലമായ നിലപാടാണ് സ്വീകരിച്ചത് . വാദം ഇന്നും തുടരും. കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും മറുപടി വാദം നടത്തും.