ഒലിവിയയ്ക്ക് ആദരം, പിങ്കണിഞ്ഞ് ഓസ്ട്രേലിയ

Thursday 11 August 2022 5:03 AM IST

കാൻബെറ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടിയും ഗായികയുമായ ഒലിവിയ ന്യൂട്ടൺ ജോണിന് ( 73 ) ആദര സൂചകമായി സിഡ്‌നി ഓപ്പറ ഹൗസ് അടക്കം ഓസ്ട്രേലിയയിലെ ചരിത്ര സ്മാരകങ്ങൾ ഇന്നലെ പിങ്ക് നിറത്തിൽ പ്രകാശഭരിതമായി.

പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയം, മെൽബണിലെ ഫ്ലിൻഡേഴ്സ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ ചൊവ്വാഴ്ച രാത്രി ഒലിവിയയോടുള്ള ആദര സൂചകമായി പിങ്ക് നിറത്തിലെ ലൈറ്റുകൾ തെളിയിച്ചിരുന്നു. യു.കെയിൽ ജനിച്ച ഒലിവിയ ഓസ്ട്രേലിയയിലാണ് വളർന്നത്. സിഡ്നിയിൽ ഓപ്പറ ഹൗസിൽ ഒലിവിയ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കാൻസർ ബാധിതയായിരുന്ന ഒലിവിയ, കാൻസർ ബോധവത്കരണ പ്രവർത്തനങ്ങൾക്കും കാൻസർ രോഗികൾക്കും വേണ്ടി നടത്തിയ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് ആദര സൂചകമായി പിങ്ക് നിറത്തെ തിരഞ്ഞെടുത്തത്.

മെൽബണിലെ സാംസ്കാരിക കേന്ദ്രമായ ഫെഡ് സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ സ്ക്രീനിൽ ഒലിവിയയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 1992ൽ തന്റെ 43 ാം വയസിൽ ഒലിവിയയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാൻസർ മുക്തയായെങ്കിലും 2013ൽ വീണ്ടും കാൻസർ കണ്ടെത്തി. 2017ൽ കാൻസർ ശരീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചു.

നാല് തവണ ഗ്രാമി അവാർഡ് നേടിയ ഒലിവിയ ഐ ഓണസ്റ്റ്‌ലി ലവ് യു, ഫിസിക്കൽ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായി. നടൻ ജോൺ ട്രവോൾട്ടയ്ക്കൊപ്പം അഭിനയിച്ച ' ഗ്രീസ് ", ' ടു ഒഫ് എ കൈൻഡ് " എന്നീ ചിത്രങ്ങൾ ഒലിവിയയെ ഹോളിവുഡിന്റെ പ്രിയങ്കരിയാക്കി.

Advertisement
Advertisement