മനോരമ ഒറ്റയ്ക്കാണെന്ന് മനസിലായതോടെ വീടിന് പുറത്തുവച്ചും ഉപദ്രവിക്കാൻ ശ്രമിച്ചു, ചെറുത്തതോടെ കത്തികൊണ്ട് കഴുത്തിൽ കുത്തി; പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ബംഗാൾ കുച്ച് ബിഹാർ ഹൽദിബാരി ഗംഗാദോബയിൽ ആദംഅലി (21) യാണ് കേസിലെ പ്രതി. മനോരമയുടെ വീട്ടിലും പ്രതി താമസിച്ചിരുന്ന വാടക വീട്ടിലുമെത്തിച്ച് തെളിവെടുക്കും.
ആദംഅലി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സുഹൃത്തക്കൾ അടക്കമുള്ള മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും. മനോരമയുടെ കഴുത്തറുക്കാൻ പ്രതി ഉപയോഗിച്ച കത്തി, കവർച്ച ചെയ്ത ഏഴ് പവൻ ആഭരണങ്ങൾ എന്നിവ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു കൊളീജിയറ്റ് എഡ്യുക്കേഷൻ റിട്ട. സൂപ്രണ്ട് രക്ഷാപുരി റോഡ് മീനംകുന്നിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) കൊല്ലപ്പെട്ടത്.
മനോരമ കുളികഴിഞ്ഞ് തല തോർത്തിക്കൊണ്ട് നിൽക്കുന്നത് കണ്ട ആദംഅലി, വീട്ടിൽ അവർ തനിച്ചാണെന്ന് മനസിലാക്കിയാണ് അവിടേക്കെത്തിയത്. വീടിന് പുറത്തുവച്ച് ഉപദ്രവിക്കാനുള്ള ശ്രമം അവർ ചെറുത്തതോടെ കഴുത്തിൽ കുത്തിപ്പിടിച്ചു. രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും വിടാതെ ആയുധമുപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങൾ കവർന്ന് കാലിൽ ഇഷ്ടിക കെട്ടി അയൽവീട്ടിലെ കിണറ്റിൽ താഴ്ത്തി. കൈയിലെ രക്തക്കറ കഴുകി വസ്ത്രങ്ങൾ മാറ്റിയാണ് പണിസ്ഥലത്തെത്തിയശേഷം രക്ഷപ്പെട്ടത്. കുത്താൻ ഉപയോഗിച്ച ആയുധം ഏതാണെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല.