'ഗൾഫിൽ പോയ' ഷാജഹാൻ പിറ്റേന്ന് തിരിച്ചെത്തിയത് വൃദ്ധയുടെ മാല കവരാൻ, വിശ്വസിപ്പിക്കാൻ നമ്പരുകൾ പലത്

Thursday 11 August 2022 10:08 AM IST

ചാലക്കുടി: വെള്ളിക്കുളങ്ങര വീരഞ്ചിറയിൽ തനിച്ച് കഴിയുന്ന വൃദ്ധയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവിനെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയൽ സ്വദേശി വിളത്തിവയലിൽ വീട്ടിൽ ഷാജഹാനാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് 27നായിരുന്നു സംഭവം.

നേരത്തെ ഇയാൾ ഒരു മാസം വൃദ്ധയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തേയ്ക്ക് മാറി. ഇതിനിടെ ഗൾഫിൽ ജോലി ശരിയായെന്ന് സുഹൃത്തിനോട് പറയുകയും വീട്ടുപകരണങ്ങളുമായി പോവുകയും ചെയ്തു. പിറ്റേദിവസം രഹസ്യമായി വന്ന് വൃദ്ധയുടെ വീട്ടിൽ കയറി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പിന്നീട് കർണാടകത്തിലേക്ക് കടക്കുകയും ചെയ്തു. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ ഉൾപ്പെട്ട ഷാജഹാൻ എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

തുടർന്ന് മരത്തടി ലോഡിംഗിനായി അതിരപ്പിള്ളിയിലുമെത്തി. ഇതിനിടെ മരംവെട്ട് കരാറുകാരനുമായി പരിചയപ്പെട്ട് കുറ്റിച്ചിറയിലും വന്നു. കവർച്ച ചെയ്ത മാല തിരൂരിലുള്ള ഒരു ജുവലറിയിലാണ് വിറ്റത്. സബ് ഇൻസ്‌പെക്ടർമാരായ പി.ആർ.ഡേവിസ്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ വി.യു.സിൽജോ, ഇ.സി.പ്രതീഷ്, എ.യു.റെജി, ഷിജോ തോമസ്, എം.എസ്.ഷിജു, നീതു ബിനോജ് എന്നിവരും ഉണ്ടായിരുന്നു.