മേഘങ്ങളെ തൊട്ട് തലോടി ഓപ്പൺ എയറിൽ പറന്നുനടന്ന് ആഹാരം കഴിക്കാം, ഒപ്പം വൈനും നുകരാം; സംഗതി സെറ്റപ്പാണെങ്കിലും ചെലവ് തീരെ കുറവ്

Thursday 11 August 2022 4:26 PM IST

മേഘപാളികൾക്കിടയിലൂടെ പറന്നുനടക്കുന്ന ഹോട്ട് എയർ ബലൂണുകളിൽ ഇരുന്ന് ആഹാരം പാകംചെയ്ത് കഴിക്കാൻ കഴിഞ്ഞാലോ? ആഹാ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. ബലൂണിന്റെ ഗ്യാസിന് തൊട്ടുതാഴെയിരുന്ന് പാകം ചെയ്താൽ പിന്നത്തെ കഥ പറയാൻ ആളുണ്ടാവില്ല എന്നല്ലേ തോന്നിയത്. എന്നാൽ ഇത് വെറും സ്വപ്നമല്ല, യാഥാർത്ഥ്യം. ഡച്ച് ഷെഫായ ആഞ്ജലിക് ഷ്മീങ്ക് ആണ് ലോകത്ത് ആദ്യമായി ബലൂൺ റസ്റ്റോറന്റ് യാഥാർത്ഥ്യമാക്കിയത്.

ജനങ്ങൾക്കുവേണ്ടി ലോകത്ത് ഇതുവരെ ഇല്ലാത്ത എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന ആഗ്രഹമാണ് ബലൂൺ റസ്റ്റോറന്റിലേക്ക് ഷ്മീങ്കിനെ എത്തിച്ചത്. ഒരു ഹോട്ട് എയർ ബലൂൺ കണ്ടപ്പോഴായിരുന്നു ആശയത്തിന്റെ ബീജാപാവം. സദാസമയം കത്തുന്ന ഇന്ധനവുമായി ഒരു അടുപ്പിന് സമാനമാണ് ബലൂൺ. അങ്ങനെയുള്ള ബലൂണിൽ എന്തുകൊണ്ട് പാകം ചെയ്തുകൂടെന്നായി ഷ്മീങ്കിന്റെ ചിന്ത. അധികം വൈകാതെതന്നെ ബലൂണിനുള്ളിൽ കത്തുന്ന ഇന്ധനത്തിന്റെ ചൂടുപയോഗിച്ച് ആഹാരവസ്തുക്കൾ പാകംചെയ്തു നോക്കി. സംഗതി സക്സസ്. അങ്ങനെ ഹോട്ട് എയർ ബലൂൺ റസ്റ്റോറന്റ് എന്ന ആശയം ആകാശം തൊട്ടു. ബലൂണിൽ ജ്വലിപ്പിക്കാനുളള ഇന്ധനം വച്ചിരിക്കുന്ന ഭാഗത്തിന്റെ വശത്ത് പ്രത്യേകമായി പിടിപ്പിച്ച കൗണ്ടറിലാണ് പാചകവും തീറ്റയുമാെക്കെ.

യാത്രക്കാർക്ക് പരമാവധി സുരക്ഷ ഒരുക്കിയാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഒരേസമയം പന്ത്രണ്ടുപേർക്കുവരെ ഒരു ബലൂണിൽ യാത്രചെയ്യാനാവും. ഒന്നരമണിക്കൂറാണ് സഞ്ചാരസമയം. മൂന്നുകോഴ്സുള്ള ഭക്ഷണമാണ് യാത്രക്കാർക്ക് ലഭിക്കുക. മത്സ്യം കൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങളാണ് ആദ്യം നൽകുന്നത്. മുക്കാൽ മണിക്കൂർ കഴിയുമ്പോൾ അടുത്ത ഐറ്റം എത്തും.മൂന്നാമത്തേത് ചിക്കൻ വിഭവങ്ങളാണ്. ആവശ്യക്കാർക്ക് ഇടയ്ക്കിടെ വൈനും ലഭിക്കും. യാത്രകഴിഞ്ഞ് തിരിച്ചിറങ്ങുന്നവരെ വരവേൽക്കുന്നത് ലൈവ് മ്യൂസിക്കും മധുരപലഹാരങ്ങളുമാണ്. ഇത്രയും സെറ്റപ്പുകളുമുണ്ടെങ്കിലും യാത്രയ്ക്ക് ചെലവ് വളരെക്കുറവാണ്. അപ്പോ നേരേ നെതർലൻഡ്‌സിലേക്ക് വിട്ടാലോ?

Advertisement
Advertisement