കാർ യാത്രക്കാരുടെ നേരെ തിളച്ച ടാർ ഒഴിച്ച് അന്യസംസ്ഥാന തൊഴിലാളി; മൂന്ന് യുവാക്കൾ ഗുരുതര നിലയിൽ

Thursday 11 August 2022 7:41 PM IST

കൊച്ചി: വഴി തടസപ്പെടുത്തി ടാറിംഗ് നടത്തിയതിനെ ചോദ്യം ചെയ്‌ത കാർ യാത്രികർക്ക് നേരെ ടാർ ഒഴിച്ച് ആക്രമണം. എറണാകുളം ജില്ലയിലെ ചെലവന്നൂരാണ് ഞെട്ടിക്കുന്ന സംഭവം. ചിലവന്നൂരിൽ വഴിയിൽ കുഴിയടയ്‌ക്കുന്ന പണി നടക്കുന്നതിനിടെ ഇതുവഴി കാറിൽ വന്ന വിനോദ്,​ ജിജോ എന്നീ സഹോദരങ്ങൾക്കും സംഭവം കണ്ട് ഓടിയെത്തിയ വിനു എന്നയാൾക്കും നേരെയാണ് ടാറിംഗ് തൊഴിലാളി തിളച്ച ടാർ കോരിയൊഴിച്ചത്.

ടാറിംഗ് നടക്കുന്നയിടത്ത് ഇതിന്റെ സൂചനാ ബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്‌ത വിനോദിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്നാണ് സൂചന. ചെറിയ തോതിൽ ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. തുടർന്ന് കാറിൽ നിന്നും ഓടിയെത്തിയ ജിജോയ്‌ക്കും വിനുവിനും നേരെ ടാർ കോരിയൊഴിച്ച ശേഷം തൊഴിലാളി ഓടിപ്പോയി. റോഡ് പണി ഏറ്റെടുത്തിരുന്ന കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും സംഭവത്തിൽ ഇടപെട്ടില്ല. പരിക്കേറ്റ വിനോദിന്റെ ഇരുകൈകളിലെയും തൊലി പൊള‌ളി ഇളകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. മറ്റ് രണ്ടുപേരുടെയും നില ഗുരുതരമാണ്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.