കണിച്ചാറിലെ ഫാമുടകൾക്ക് നഷ്ടപരിഹാരം നൽകി ഇറച്ചിക്ക് ആവശ്യമായ പന്നികളെ സർക്കാർ ഏറ്റെടുക്കും: മന്ത്രി ചിഞ്ചു റാണി

Thursday 11 August 2022 9:10 PM IST
കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം മൃഗസംരക്ഷണമൃഗശാലക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു

കണ്ണൂർ:സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇറച്ചിക്ക് ആവശ്യമായ രോഗബാധയില്ലാത്ത പന്നികളെ സർക്കാർ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണമൃഗശാലക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളിൽ മാത്രമാണ് രോഗം പകരുക. എന്തിരുന്നാലും പന്നിപ്പനി ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുകയായിരുന്നു അവർ. പന്നിപ്പനി ബാധിച്ച ഇടങ്ങളിൽ നിന്നു 10 കിലോ മീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാൽ പന്നികളെ സർക്കാർ ഏറ്റെടുക്കും. പന്നി വളർത്തൽ കർഷകർക്ക് ചെറിയ പലിശക്ക് ലോൺ നൽകാനുള്ള കാര്യവും സർക്കാർ ആലോചനയിലുണ്ട്. പന്നിപ്പനി സ്ഥിരീകരിതോടെ സർക്കാർ സത്വര നടപടി സ്വീകരിച്ചതിനാലാണ് രോഗബാധ പിടിച്ചുകെട്ടാനായത്. ക്ഷീര കർഷക സംഘങ്ങളിൽ നൽകുന്ന പാലിന് ഒരു ലിറ്ററിന് നാല് രൂപ വച്ച് ക്ഷീര കർഷകർക്ക് നൽകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.

കണിച്ചാർ പഞ്ചായത്തിലെ 247 പന്നികളെയായിരുന്നു ഉന്മൂലനം ചെയ്തിരുന്നത്. ഏഴു ദിവസത്തിനം തന്നെ സർക്കാരിന് നഷ്ടപരിഹാര തുകയും നൽകാനായി. കർഷകരായ പി.എ. മാനുവൽ, ജോമി ജോൺ എന്നിവർ നഷ്ടപരിഹാര തുക ഏറ്റുവാങ്ങി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ ഡയരക്ടർ ഡോ. വിന്നി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സെമിനാർ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സ്ഥിരംസമിതി അദ്ധ്യക്ഷ യു.പി.ശോഭ, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കോർപ്പറേഷൻ കൗൺസിലർ അഡ്വ.പി.കെ.അൻവർ, കണിച്ചാർ പഞ്ചായത്ത് വാർഡ് അംഗം തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അജിത്ത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഒ.എം.അജിത എന്നിവർ സംസാരിച്ചു.

Advertisement
Advertisement