ചൈനയ്ക്ക് മറുപടി: സായുധ അഭ്യാസ പ്രകടനവുമായി തായ്‌വാൻ

Friday 12 August 2022 12:33 AM IST

തായ്പേയ് സിറ്റി: തായ്‌വാന് ചുറ്റുമുള്ള കടലിടുക്കിലെ ചൈനയുടെ സൈനിക അഭ്യാസ പ്രകടനം അവസാനിച്ചതിന് തൊട്ടുപിന്നാലെ, പീരങ്കികൾ അടക്കമുള്ള വെടിക്കോപ്പുകളുപയോഗിച്ച് സായുധ പ്രതിരോധ അഭ്യാസ പ്രകടനം നടത്തി തായ്‌വാൻ.

യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ പ്രകോപിതരായാണ് ചൈന തായ്‌വാന് സമീപം സൈനിക അഭ്യാസം നടത്തിയത്. ഇതിന് മറുപടിയെന്നോണമാണ് പിങ്ടങ് കൗണ്ടിയിൽ ഇന്നലെ തായ്‌വാൻ സൈന്യം അക്ഷരാർത്ഥത്തിൽ അഗ്നി വമിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ നടത്തിയത്. എന്നാൽ, ഇത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച സൈനിക പരിശീലനമാണെന്നും ചൈനയുടെ യുദ്ധക്കളിക്ക് മറുപടിയായിട്ടല്ലെന്നും സൈന്യം പിന്നീട് വ്യക്തമാക്കി.

തായ്‌വാനെ വളഞ്ഞുകൊണ്ടുള്ള സൈനികാഭ്യാസത്തിന്റെ ഒരാഴ്ച നീണ്ട ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ചൈന ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. മേഖലയിൽ തുടർച്ചയായി സൈനിക പട്രോൾ നടത്തുമെന്നും ചൈന വ്യക്തമാക്കി.

അതേസമയം, ബുധനാഴ്ച ചൈന നൽകിയ അനൗദ്യോഗിക സന്ദേശം തായ്‌വാൻ പ്രസിഡ‌ന്റ് തായ് ഇങ് വെൻ തള്ളിക്കളഞ്ഞു.

'മേഖലയിൽ സംഘർഷസാദ്ധ്യത നിലനിൽക്കുന്നിടത്തോളം ബലം പ്രയോഗിക്കാൻ മടിക്കില്ലെന്നും, അതിനാവശ്യമായ കരുതലുകൾ തുടരുമെന്നും ' ചൈന തായ്‌വാന് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

'മേഖലയിൽ സമാധാനം പുലർത്താൻ ചൈന സർവ സജ്ജമാണ്. പക്ഷേ, വിഘടനവാദികൾക്കും ആക്ടിവിസ്റ്റുകൾക്കും യാതൊരു വിധ സംരക്ഷണവും നൽകില്ലെന്നും' ചൈന ആവർത്തിച്ചു.

എന്നാൽ, ഒരു രാജ്യം രണ്ടു ഭരണമെന്ന സംവിധാനത്തെ ശക്തിയുക്തം എതിർക്കുന്നതായി തായ്‌വാൻ നയരൂപീകരണ സമിതി വ്യക്തമാക്കി.

ചൈനീസ് അഭ്യാസം അംഗീകരിക്കാനാവില്ല: പെലോസി

ചൈന- തായ്‌വാൻ സംഘർഷം പുകയുന്നതിനിടെ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി.

തായ്‌വാൻ കടലിടുക്കിൽ പ്രകോപനപരമായ സൈനികാഭ്യാസം നടത്തിയും യുദ്ധവിമാനങ്ങൾ വിന്യസിച്ചും ചൈന നടത്തുന്ന 'പുതിയ രീതികൾ' അംഗീകരിക്കാൻ യു.എസിന് കഴിയില്ലെന്ന് നാൻസി പെലോസി വ്യക്തമാക്കി.

ചൈനയെ കുറിച്ച് സംസാരിക്കാനല്ല താൻ തായ്‌വാൻ സന്ദർശിച്ചത്. തായ്‌വാനുമായുള്ള സൗഹൃദത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. അതിന്റെ പേരിൽ തായ്‌വാനെ ഒറ്റപ്പെടുത്താൻ ചൈനക്കാവില്ലെന്നും പെലോസി പറഞ്ഞു.

പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ചൈന കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. പിന്നാലെ നാൻസി പെലോസിക്കും കുടുംബത്തിനും ഉപരോധം ഏർപ്പെടുത്തി

യിരുന്നു.