ഡൽഹിയിൽ പുതിയ കൊവിഡ് വകഭേദം: മാസ്‌ക് കർശനമാക്കി

Friday 12 August 2022 12:13 AM IST

ന്യൂഡൽഹി: അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്‌ത ഡൽഹിയിൽ പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌ക് കർശനമാക്കി. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കും. സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.

അതിവ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ ബി.എ 2.75 എന്ന പുതിയ വകഭേദമാണ് ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരിയ ലക്ഷങ്ങളോടെയാണ് രോഗം പിടിപെടുന്നതെങ്കിലും കൂടുതൽ വ്യാപനത്തിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത ആവശ്യമാണ്. ഒരിക്കൽ രോഗം വന്നവർക്കും വാക്‌സിൻ എടുത്തവർക്കും പുതിയ വകഭേദം മൂലമുള്ള കൊവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇക്കഴിഞ്ഞ 10ന് ഡൽഹിയിൽ 2,146 കേസുകൾ സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.83 ശതമാനമാകുകയും ചെയ്‌തു. എട്ട് മരണവും രേഖപ്പെടുത്തി. 9ന് ചൊവ്വാഴ്‌ച്ച 2,495 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്‌തു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമാണിത്. മരണനിരക്ക് കൂടുന്നതും ആശങ്കപ്പെടുത്തുന്നു.

Advertisement
Advertisement