കിരൺ ബാല ബോറ 1904 - 1993

Friday 12 August 2022 12:00 AM IST

അസാമിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പ്രവർത്തകയും. നിയമലംഘന പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യം. ബ്രിട്ടീഷ്‌വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ അനുയായി.
1904 ൽ അസാമിലെ നാഗോൺ ജില്ലയിൽ ജനനം. സ്ത്രീകൾക്ക് വിദ്യാഭ്യാസം അനുവദനീയമല്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ് വരെ പഠിച്ചു. വിപ്ലവപ്രസ്ഥാനത്തിൽ ആകൃഷ്ടയായ അവർ ചെറുപ്രായത്തിൽത്തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു.
ജാലിയൻ വാലാബാഗിനു ശേഷം ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം നടന്ന അഹിംസാ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ധനസമാഹരണം നടത്തി.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശവസ്തുക്കളുടെ ഉപയോഗം ബഹിഷ്കരിക്കുകയും സ്വന്തം വീട്ടിലെ വിദേശവസ്തുക്കൾ കത്തിക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ ബഹിഷ്കരണം ഏറ്റെടുത്തു. ഖാദിവസ്ത്രങ്ങൾ ഉപയോഗിക്കുകയും സ്വന്തമായി വസ്ത്രങ്ങൾ നെയ്യുകയും ചെയ്തു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു.
ലാഹോർ കോൺഗ്രസ് പൂർണ സ്വരാജ് ദിനം ആഘോഷിക്കാൻ തീരുമാനിച്ച പ്രകാരം കിരൺ ബാലയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഒത്തുചേ‌ർന്നു. ബ്രിട്ടീഷ് പട ഇവരെ തടയുകയും മർദ്ദിക്കുകയും ചെയ്തു. നിരവധി തവണ അറസ്റ്റിലായ കിരൺ പലപ്പോഴും മോശമായ അവസ്ഥയിൽ ജയിലിൽ കഴിഞ്ഞു.
സ്വാതന്ത്ര്യം, ശൈശവ വിവാഹം, സതി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെത്തുടർന്ന് പൊലീസ് മർദ്ദനമേൽക്കുകയും ഒളിവിൽ പോവുകയും ചെയ്തു. 1993 ൽ അന്തരിച്ചു.

Advertisement
Advertisement