വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ചു; നടൻ സൂര്യയ്ക്ക് എതിരായ എഫ് ഐ ആർ ഹൈക്കോടതി തള്ളി
ചെന്നൈ: വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുകയും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ തമിഴ് നടൻ സൂര്യക്കെതിരായി രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഹൈക്കോടതി തള്ളി. ജയ് ഭീം സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേൽരാജ, നായകൻ സൂര്യ എന്നിവരെ പ്രതി ചേർത്ത് വെളാച്ചേരി പൊലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ചിത്രത്തിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് രുദ്ര വണ്ണിയാർ സേന നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
ഹൈക്കോടതി അഭിഭാഷകനായിരുന്ന ജസ്റ്റിസ് കെ ചന്ദ്രു നടത്തിയ കേസിനെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചതെന്ന് സൂര്യയും ജ്ഞാനവേൽരാജയും കോടതിയെ അറിയിച്ചു. തുടർന്ന് ഇരുവരും സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സതീഷ് കുമാർ ആണ് കേസ് തള്ളിയത്.
ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം ജാതി മത വ്യത്യാസമില്ലാതെ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ദാദാസാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ബോസ്റ്റൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവയുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ഇതിനോടകം ചിത്രത്തെ തേടിയെത്തി.