വാദം തീർന്നു, കേസ് വിധി പറയാൻ മാറ്റി; ഇ.പി.എഫ് പെൻഷൻ 1.27 ലക്ഷം കോടിയുടെ ബാദ്ധ്യത വരുമെന്ന് വാദം, വാർഷിക റിപ്പോർട്ടിലില്ലാത്ത ബാദ്ധ്യത എങ്ങനെയെന്ന് കോടതി
ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ (ഭേദഗതി) പദ്ധതി റദ്ദാക്കിയ കേരളം, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതി വിധികൾ ചോദ്യം ചെയ്ത് ഇ.പി.എഫ്.ഒ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് 6 ദിവസം വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.
2014 ലെ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) സ്കീം 2018 ൽ കേരള ഹൈക്കോടതി റദ്ദാക്കി. കേരള ഹൈക്കോടതി വിധിക്കെതിരെ 2019ൽ ഇ.പി.എഫ്.ഒ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പിന്നീട് ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും നൽകിയ പുനരവലോകന ഹർജിയെ തുടർന്ന് പ്രത്യേകാനുമതി ഹർജി വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. 2021 ആഗസ്റ്റിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് റഫർ ചെയ്തു.
1.27 ലക്ഷം കോടിയുടെ ബാദ്ധ്യതയെന്ന് വാദം
ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകിയാൽ ഇ.പി.എഫ്.ഒയ്ക്ക് സമീപ ഭാവിയിൽ 1.27 ലക്ഷം കോടിയുടെ ബാദ്ധ്യതയാണ് ഉണ്ടാകാൻ പോകുന്നതെന്ന് ഇ.പി.എഫ്.ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം വാദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് ശേഷം 22,000 പേർക്ക് ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ കൊടുത്തപ്പോൾ ഒരു മാസം 257 കോടി രൂപയുടെ അധികബാദ്ധ്യതയുണ്ടായതായി ഇ.പി.എഫ്.ഒ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, 2018 ൽ ഹൈക്കോടതി വിധി വന്ന ശേഷം നിങ്ങളുടെ വാർഷിക റിപ്പോർട്ടുകളിലടക്കം ഈ അധികബാദ്ധ്യത സംബന്ധിച്ച് സൂചന പോലുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയിൽ എത്തുമ്പോൾ മാത്രമാണ് ബാദ്ധ്യതയെ കുറിച്ച് പറയുന്നത്. എന്നാൽ, പെൻഷൻ നിയമത്തിൽ 2014ൽ ഭേദഗതി കൊണ്ടുവന്നത് തന്നെ സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടായിരുന്നു. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മാദ്ധ്യമ റിപ്പോർട്ടുകൾ മാത്രമാണ് കോടതി പരിഗണിച്ചതെന്ന് ഇ.പി.എഫ്.ഒയ്ക്ക് വേണ്ടി ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഈ ഭേദഗതി കൊണ്ടുവരാൻ അധികാരമുണ്ട്. കോടതിക്ക് ഇത് പരിശോധിക്കാനുള്ള അധികാരം പരിമിതമാണ്. കാരണം ഇത് ഒരു സാമ്പത്തിക വിഷയമാണ്.
എന്നാൽ, കേവലം ഒരു സാമ്പത്തിക വിഷയം മാത്രമല്ലെന്നും തൊഴിൽ പ്രശ്നവും സാമൂഹിക ക്ഷേമ വിഷയവും കൂടിയാണെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് വേണ്ടി എ.എസ്.ജി. വിക്രംജിത്ത് ബാനർജി ഹാജരായി.